ആലപ്പുഴയിലെ വാരനാട്ട് ഉല്‍സവപരിപാടിയില്‍ നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ പങ്കെടുത്തതും പാടിയതും അത്കഴിഞ്ഞ് ഓടി കാറില്‍കയറിയതും കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്തിനായിരുന്നു വിനീത് ഓടിയത്.ഗാനമേള പൊളിഞ്ഞോ, അദ്ദേഹത്തെ ആരെങ്കിലും ആക്രമിച്ചോ, ആരാധകരുടെ ആരാധനമൂത്താണോ വിനീത് ഓടിയത് എന്നിങ്ങനെ ചര്‍ച്ചയും ട്രോളുകളും ഇറങ്ങി. അതിനിപ്പോള്‍ സമൂഹമാധ്യമത്തിലൂടെ മറുപടി നല്‍കിയിരിക്കയാണ് വിനീത് ശ്രീനിവാസന്‍. താന്‍ ആസ്വദിച്ചുപാടുകയും പ്രക്ഷകര്‍ ഒപ്പം കൂടി ഏറ്റുപാടുകയും ചെയ്തു, എന്നാല്‍ ജനത്തിരക്കുമൂലം പ്രശ്നമുണ്ടാകാതിരിക്കാന്‍ അകലെ കിടക്കുന്ന കാറിലേക്ക് അല്‍പം ഓടേണ്ടിവന്നു, മറ്റൊന്നുമില്ലെന്ന് വിനീത് പറയുന്നു. വിനീതിന്‍റെ കുറിപ്പ്
വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു.
അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്.
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്.
രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും