കിട്ടിയാൽ ഊട്ടി മ്യൂസിക് വീഡിയോ : എസ്പി വെങ്കിടേഷ് സംഗീതം ….. ഡെന്നീസ് ജോസഫിന്റെ മകൾ തിരക്കഥ

Advertisement

മെലഡിയുടെ രാജാവ് എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന മ്യൂസിക് വീഡിയോ ആണ് “കിട്ടിയാൽ ഊട്ടി ” . ഒരു വിന്റേജ് അനുഭൂതി ഉണർത്തുന്ന പാട്ടുമായാണ് അദ്ദേഹമെത്തുന്നത്. കിട്ടിയാൽ ഊട്ടി സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോസഫാണ്.

സ്റ്റുഡൻ്‌റ് വിസയിലും മറ്റും നാടുവിടുന്ന എണ്ണമറ്റ മലയാളി യുവതലമുറയുടെ വിഷയം ചർച്ച ചെയ്ത ഒടിടി ചിത്രം ‘ദി പ്രൊപ്പോസലി’ന്റെ സംവിധായകനാണ് ജോ. മൺമറഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മകൾ എലിസബത്ത് ഡെന്നീസാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഊട്ടിയിലും വിദേശത്തുമായി ചിത്രീകരിച്ചിരിക്കുന്ന ഏഴു മിനിട്ട് ദൈർഘ്യ വീഡിയോയിൽ സംവിധായകനായ ജോ ജോസഫ് തന്നെയാണ് നായക കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നത്.

അമര രാജ , ക്ലെയർ സാറ മാർട്ടിൻ ,അനുമോദ് പോൾ, സുഹാസ് പാട്ടത്തിൽ, അളഗ റെജി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്രിട്ടീഷ് സിനിമകളിലൂടെ ശ്രദ്ധേയയായ സൂസൻ ലൂംസഡൻ ആണ് ദൃശ്യാവിഷ്ക്കാരമൊരുക്കിയിരിക്കുന്നത്.

പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറും ഗാനമാലപിച്ചിരിക്കുന്നത് ശ്രീകാന്ത് ഹരിഹരനുമാണ്. മലയാളത്തിനു പുറമെ തമിഴിലും ഇറങ്ങുന്ന വീഡിയോയുടെ പകർപ്പവകാശം സൈന മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ‘മാണിക്ക മാട്ടരം ‘ എന്നാണ് തമിഴ് പതിപ്പിന്റെ പേര്. പി ആർ ഓ അജയ് തുണ്ടത്തിൽ.