മുംബൈ: കഴിഞ്ഞദിവസമാണ് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ബംഗ്ലാവിൽ അതിക്രമിച്ച് കയറിയതിന് രണ്ടുപേർ അറസ്റ്റിലായത്. ഷാരൂഖ് ഖാനെ കാണാനായി മേക്കപ്പ് റൂമിൽ എട്ടുമണിക്കൂറോളം ഇവർ ഒളിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് മുംബൈയിലെ മന്നത്ത് ബംഗ്ലാവിൽ അതിക്രമിച്ചു കയറിയ ഗുജറാത്ത് സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
തങ്ങളുടെ ഇഷ്ട താരത്തെ കാണാനാണ് എത്തിയതെന്നായിരുന്നു ഇരുവരും പൊലീസിന് നൽകിയ മൊഴി. പത്താൻ സാഹിൽ സലിം ഖാൻ, രാം സരഫ് കുശ്വാഹ എന്നിവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിന് കൈമാറി. ഹൗസ് കീപ്പിങിലെ ജീവനക്കാരനായ സതീഷ് ആണ് അതിക്രമിച്ച് കയറിയവരെ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്ക് അകത്ത് കടന്ന അവരെ പിറ്റേന്ന് രാവിലെ 10:30ന് ആണ് പിടികൂടിയത്. ഇവർക്കെതിരെ ഭവനഭേദനത്തിനടക്കം കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
മതില്‍ ചാടിക്കടന്നെത്തിയ പ്രതികള്‍ മന്നത്തിന്റെ മൂന്നാം നിലയിലെ മേക്കപ്പ് റൂമിൽ ഒളിച്ചിരിക്കുകയായിരുന്നു. അവരെ കണ്ടപ്പോൾ ഷാരൂഖ് ഞെട്ടിപ്പോയെന്നും പൊലീസ് പറയുന്നു.
ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിക്ക് രണ്ട് പേർ ബംഗ്ലാവിൽ പ്രവേശിച്ചതായി സുരക്ഷാ ജീവനക്കാരൻ തന്നെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് ഖാന്റെ ബംഗ്ലാവിന്റെ മാനേജർ കോളിൻ ഡിസൂസ പൊലീസിനോട് പറഞ്ഞു.
അതേസമയം, ഏറെ വിവാദങ്ങൾക്കൊടുവിൽ തിയേറ്ററുകളിലെത്തിയ ഷാറൂഖ് ഖാന്‍ ചിത്രം പഠാന്‍ വൻ വിജയമാണ് നേടിയത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിന്റെ കിംഗ് ഖാൻ വെള്ളിത്തിരയിലെത്തിയ ചിത്രം ഹിന്ദി സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ ആയിരം കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. 250 കോടി ചിലവിൽ ഒരുക്കിയ ചിത്രം, റിലീസ് ചെയ്ത 27 ദിവസം കൊണ്ടാണ് ചരിത്ര നേട്ടം കൈവരിച്ചത്.