ഭാഷാവ്യത്യാസമില്ലാതെ ആരാധകരുള്ള താരമാണ് മമ്മൂട്ടി. താരങ്ങളുടെ ഇടയിൽ പോലും മെഗാസ്റ്റാറിന് ആരാധകരുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ് മമ്മൂട്ടി. ഇത് വാർത്തകളിൽ ഇടംപിടിക്കാറുമുണ്ട്. എന്നാൽ ഇത്തരം വാർത്തകളോട് മമ്മൂട്ടിക്ക് അധികം താൽപര്യമില്ല. ഇത് നടൻ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് തന്റെ ചാരിറ്റിപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വാർത്തകളോടുള്ള എതിർപ്പ് വ്യക്തമാക്കുന്ന മെഗാസ്റ്റാറിന്റെ വിഡിയോയാണ്. 2016ൽ നടന്ന ഷാർജ ഇന്റർനാഷണൽ ബുക്ക് ഫയറിൽ മിഥുൻ രമേശുമായിയുള്ള അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്.
കേൾക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള വാർത്തകൾ നമുക്ക് തടയിടാൻ കഴിയില്ലെന്നാണ് നടൻ പറയുന്നത്. മമ്മൂട്ടിയുടെ പി. ആർ. ഒ റോബർട്ട് കുര്യാക്കോസാണ് ഈ പഴയ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
‘ഞാൻ ചെയ്യുന്ന ഇത്തരം പ്രവർത്തികൾ കൊട്ടിഘോക്ഷിക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്. ഞനൊരു വലിയ പുള്ളിയാണ്, ഞാൻ അങ്ങനെയൊക്കെ ചെയ്തു, ഞാൻ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ വല്ലാതെ നാണക്കേട് തോന്നാറുണ്ട്. പിന്നെ എന്നെ ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊക്കെ പത്രമാസികകളിൽ വരും. അതൊന്നും നമുക്ക് തടയിടാൻ പറ്റില്ല. അതുകൊണ്ട് എന്തെങ്കിലും ഗുണം കിട്ടുന്നുണ്ടെങ്കിൽ ആയിക്കോട്ടെ’- മമ്മൂട്ടി പറയുന്നു.
ബ്രഹ്മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൈതാങ്ങായി മെഗാസ്റ്റാർ എത്തിയിരുന്നു. മെഡിക്കൽ സഹായമാണ് നൽകിയത്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍നിന്നുള്ള നേത്രരോഗ വിദഗ്ദര്‍ അടങ്ങുന്ന സംഘമാണ് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ബ്രഹ്മപുരത്തുകാർക്ക് ആശ്വാസമായത്.