‘കരുണം’ സിനിമ നായിക ഏലിയാമ്മ അന്തരിച്ചു

Advertisement

കാസർകോട്: ജയരാജ് സംവിധാനം ചെയ്ത ‘കരുണം’ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുന്നുംകൈ വാഴപ്പള്ളിയിലെ തടത്തിൽ ഏലിയാമ്മ (99) അന്തരിച്ചു. ‘കരുണ’ത്തിൽ ചാച്ചാമ്മ ചേട്ടത്തിയെ അവതരിപ്പിച്ചാണ് ഏലിയാമ്മ പ്രേക്ഷക മനസുകൾ കീഴടക്കിയത്. 76-ാം വയസിലായിരുന്നു ഇവർ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്.

കണക്കറ്റ സ്വത്തുണ്ടായിട്ടും മക്കളാൽ തിരസ്‌കരിക്കപ്പെടുന്ന വയോധികരായ ദമ്പതിമാരുടെ കഥയാണ് ഏലിയാമ്മയും കുര്യൻ ജോസഫ് എന്ന വാവച്ചനും ചേർന്ന് അവതരിപ്പിച്ചത്. നിരവധി പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. 2000ൽ മാടമ്പ് കുഞ്ഞുകുട്ടന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2001ൽ ഗോൾഡൻ പീകോക്ക് അവാർഡും സംസ്ഥാന ചലചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

ഭർത്താവ്: പരേതനായ തടത്തിൽ മത്തായി ഔസേപ്പ്. മക്കൾ: ലീലാമ്മ, കുട്ടിയമ്മ, പരേതയായ റോസമ്മ, ജോസഫ്, സെബാസ്റ്റ്യൻ, ജോസ്, സണ്ണി. മരുമക്കൾ: മത്തായി, പാപ്പച്ചൻ കോട്ടയം, പരേതനായ രാജൻ, മേരി, ത്രേസ്യമ്മ, സലീന.