ഡാൻസ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു; പിന്നാലെ നടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

Advertisement

വാരാണസി: ഭോജ്പുരി നടി അകാൻഷ ദുബെ(25)യെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ വാരാണസിയിൽ ഹോട്ടൽ മുറിയിലാണ് അകാൻഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി വാരാണസിയിൽ എത്തിയതായിരുന്നു അകാൻഷ. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മരണത്തിന് ഏതാനും മണിക്കൂറുകൾ മുൻപ് ‘ഹിലോരോ മാരേ’ എന്ന ഭോജ്പുരി ഗാനത്തിന് ചുവടുവയ്ക്കുന്ന വിഡിയോ അകാൻഷ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. കണ്ണാടിക്കു മുന്നിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തന്റെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങിയ അതേ ദിവസമാണ് അകാൻഷയുടെ മര‌ണവും സംഭവിച്ചത്. ഭോജ്പുരിയിലെ പ്രശസ്ത നടൻ പവൻ സിങ്ങിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അവർ ശനിയാഴ്ച സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

മിർസാപുരിലെ വിന്ധ്യാചൽ സ്വദേശിയാണ് അകാൻഷ. മേരി ജങ് മേരി ഫൈസ്‌ല എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം. നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയയായി. അകാൻഷയും ഭോജ്പുരി നടൻ സമർ സിങ്ങും തമ്മിൽ അടുപ്പത്തിലാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം 14ന് വാലന്റൈൻസ് ദിനാശംസകൾ നേർന്ന് സമറുമൊത്തുള്ള ചിത്രങ്ങൾ അകാൻഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.