അർധരാത്രി കോഫിക്കായി ക്ഷണിച്ച് സിനിമ മേഖലയിലെ പ്രമുഖ; വെളിപ്പെടുത്തലുമായി ബി.ജെ.പി എം.പി

Advertisement

സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് നടനും ബി.ജെ.പി എം.പിയുമായ രവി കിഷൻ. സിനിമ മേഖലയിലെ പ്രമുഖയായ സ്ത്രീ രാത്രി തന്നെ കോഫി കുടിക്കാൻ ക്ഷണിച്ചെന്നും അവരുടെ ഉദ്ദേശം മനസിലായതോടെ ഓഫർ നിരസിച്ചെന്നും രവി കിഷൻ പറഞ്ഞു. കഴിവിൽ പൂർണ വിശ്വാസമുള്ളതിനാൽ എളുപ്പവഴിയിലൂടെ തനിക്ക് ഒന്നും നേടേണ്ടെന്നും കൂട്ടിച്ചേർത്തു. ആപ് കി അദാലത്ത് എന്ന ചാറ്റ് ഷോയിലാണ് ആ പഴയ സംഭവം ഓർത്തെടുത്തത്.

സാധാരണ എല്ലാവരും രാവിലെയാണ് കോഫി കുടിക്കാൻ ക്ഷണിക്കുന്നത്. അർധരാത്രി വിളിച്ചപ്പോൾ തന്നെ കാര്യം മനസിലായി. അവരുടെ ക്ഷണം നിരസിച്ച് അതിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ ആ സ്ത്രീയുടെ പേര് പറയാൻ നിർവാഹമില്ല. കാരണം ഇന്ന് അവർ സിനിമ മേഖലയിലെ വളരെ ശക്തയായ ഒരാളാണ്.

ജോലിയെ സത്യസന്ധമായി സമീപിക്കാനാണ്അച്ഛൻ എന്നെ പഠിപ്പിച്ചത്. എളുപ്പവഴിയിലൂടെ ഒന്നും നേടാൻ ആഗ്രഹിക്കുന്നില്ല. എന്റെ കഴിവിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്- രവി കിഷൻ പറഞ്ഞു.

ഭോജ്പുരി സിനിമയുടെ മുഖം എന്നാണ് രവി കിഷൻ അറിയപ്പെടുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. നിലവിൽ ​ഗൊരഖ്പുരിൽ നിന്നുള്ള എം.പിയാണ് രവി കിഷൻ