പ്രണയ വാര്‍ഷികത്തിലെ വിനീത് ശ്രീനിവാസന്റെ കുറിപ്പിന് ആശംസകളുമായി ആരാധകര്‍

Advertisement

പ്രണയ വാര്‍ഷികത്തില്‍ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പങ്കുവച്ച കുറിപ്പിന് ആശംസകളുമായി ആരാധകര്‍. ഭാര്യ ദിവ്യയുമായി പ്രണയത്തിലായിട്ട് ഇന്ന് 19 വര്‍ഷമായെന്നാണ് താരം കുറിച്ചത്. കുറിപ്പ് ഇങ്ങനെ…
19 വര്‍ഷം മുന്‍പുള്ള മാര്‍ച്ച് 31നാണ് ഞങ്ങള്‍ പ്രണയിച്ച് തുടങ്ങിയത്. എന്റെ ജീവിതത്തിലെ എല്ലാ ഓര്‍മ്മകളും പ്രധാന സംഭവങ്ങളുമെല്ലാം ദിവ്യയുമായി ബന്ധപ്പെട്ടിപിക്കുന്നു. ടീനേജ് കാലത്താണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ആ ബന്ധം വിവാഹത്തിലെത്തി, പിന്നീടിങ്ങോട്ട് ഞങ്ങള്‍ എപ്പോഴും ഒന്നിച്ചാണ്. തികച്ചും വ്യത്യസ്തരായ രണ്ടുപേര്‍ എങ്ങനെ ഒന്നിച്ചു എന്നത് അത്ഭുതം തന്നെയാണ്. പൊതുവെ ശാന്തതയും സൈലന്‍സുമാണ് എനിക്കിഷ്ടം. ബഹളവും ശബ്ദവും ഇഷ്ടപ്പെടുന്നയാളാണ് ദിവ്യ.
ദിവ്യ വെജിറ്റേറിയനാണ്. നോണ്‍ വെജില്ലാതെ ഒരു ദിവസം പോലും ആലോചിക്കാന്‍ പറ്റാത്ത ആളാണ് ഞാന്‍. എല്ലാത്തിനും അടുക്കും ചിട്ടയുമുള്ള വ്യക്തിയാണ് ദിവ്യ ഞാന്‍ നേരെ തിരിച്ചും. തമാശയും ഫീല്‍ ഗുഡ് സിനിമകളും കാണാനാണ് എനിക്കിഷ്ടം. ചില രാത്രികളില്‍ ഞാന്‍ ഉറക്കം വരുത്താനായി ശ്രമിക്കുന്നത് കാണുമ്പോള്‍ സ്ട്രസൊക്കെ മാറ്റി വെച്ചു ഉറങ്ങൂ എന്ന് അവള്‍ എന്നോട് പറയാറുണ്ട്. എനിക്ക് ഉറക്കം വരുന്നില്ലെന്ന് നീ എങ്ങനെ മനസിലാക്കിയെന്ന് ചോദിച്ചപ്പോള്‍, നിങ്ങള്‍ ശരിക്കും ഉറങ്ങുമ്പോഴുള്ള ശ്വാസമിടിപ്പ് ഇങ്ങനെയല്ലെന്നായിരുന്നു മറുപടി. ചെറിയ കാര്യങ്ങള്‍ പോലും സസൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട് ദിവ്യ. ഹാപ്പി ആനിവേഴ്സറി ദിവ്യ എന്നായിരുന്നു വിനീതിന്റെ കുറിപ്പ്.