അനശ്വര നടൻ ഇന്നസന്റ് അന്ത്യവിശ്രമം കൊള്ളുന്നത് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ സെമിത്തേരിയിലാണ്. അദ്ദേഹത്തിന്റെ കല്ലറയ്ക്കും ഒരുപാട് പ്രത്യേകതകളുണ്ട്. ഇന്നസന്റ് അഭിനയിച്ച് അനശ്വരമാക്കിയ മുപ്പതിലേറെ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് കല്ലറിയിൽ പതിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കൊച്ചുമക്കളായ ഇന്നസന്റിന്റെയും അന്നയുടെയും ആശയമായിരുന്നു ഇത്. ചിരിപ്പിച്ചും കരയിപ്പിച്ചും ഇന്നസന്റ് അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളെ ആ കല്ലറയില്‍ കാണാം.
കാബൂളിവാല, ദേവാസുരം, രാവണപ്രഭു, ഫാന്റം പൈലി, മണിച്ചിത്രത്താഴ്, ഇഷ്ടം, ഇന്ത്യൻ പ്രണയകഥ, മാന്നാർ മത്തായി സ്പീക്കിങ്, പാപ്പി അപ്പച്ച, മിഥുനം, വിയറ്റ്നാം കോളനി, പ്രാഞ്ചിയേട്ടൻ, കല്യാണരാമൻ, വെട്ടം, ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിങ്, സന്ദേശം തുടങ്ങി മുപ്പതോളം കഥാപാത്രങ്ങൾ കല്ലറിയിൽ ആലേഖനം ചെയ്തിരിക്കുന്നു. സിനിമാ റീലിന്റെ മാതൃകയിലാണ് അദ്ദേഹത്തിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയിൽ എഴുതിയിരിക്കുന്നത്.
ഇന്നസന്റിന്റെ കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിക്കാനും അദ്ദേഹത്തിനായി പ്രാർഥിക്കാനുമായി നിരവധി ആളുകളാണ് എത്തിച്ചേരുന്നത്.