സ്വന്തം അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാന്‍ ഒരിക്കലും മടികാട്ടാതിരുന്ന താരമാണ് ശ്രീനിവാസന്. അത് സിനിമയെക്കുറിച്ചാണെങ്കിലും രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെക്കുറിച്ചാണെങ്കിലും ഉള്ള് തുറക്കാന്‍ ശ്രീനിവാസന് മടിയൊന്നുമില്ല.
പ്രേം നസീറിനോട് മോഹന്‍ലാല്‍ കാണിച്ച വഞ്ചന തുറന്നു പറയുകയാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗില്‍ ഇപ്പോള്‍ നടന് ശ്രീനിവാസന്. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പ്രേം നസീര്‍ ആലോചിച്ചിരുന്നെന്നും എന്നാല്‍ അതില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് താല്‍പ്പര്യം ഇല്ലായിരുന്നു എന്നുമാണ് ശ്രീനിവാസന് പറയുന്നത്. ഈ വയസ്സുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്നാണ് നസീറിനെക്കുറിച്ച് മോഹന്‍ലാല്‍ തന്നോട് പറഞ്ഞതെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെ
മോഹന്‍ലാല്‍ നായകനായ കടത്തനാടന്‍ അമ്പാടി എന്ന സിനിമയില്‍ പ്രേം നസീറിനും ചെറിയ ഒരു വേഷം ഉണ്ടായിരുന്നു. ഷൂട്ടിങ് സെറ്റില്‍ പ്രേം നസീര്‍ ഒറ്റക്കായിരുന്നു. ആ സമയത്ത് ഞാനായിരുന്നു അദ്ദേഹത്തിന്റെ കൂടെ. അദ്ദേഹത്തിന്റെ പഴയ കാര്യങ്ങളൊക്കെ അദ്ദേഹം എന്നോട് പറയുമായിരുന്നു. അതിനിടെയാണ് തനിക്ക് സംവിധാനം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന വിവരവും എന്നോട് പറയുന്നത്. നിങ്ങളും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം ഇഷ്ടമാണെന്നും തനിക്ക് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന്. നല്ല കഥ ആലോചിക്കണമെന്നും മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം മോഹന്‍ലാല്‍ എന്നോട് പറഞ്ഞു, നസീര്‍ സാര്‍ എന്നെവെച്ച് ഒരു പടം സംവിധാനം ചെയ്യാനുള്ള പരിപാടിയിലാണ്. വയസുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു ലാലിന് ഇഷ്ടമല്ലെങ്കില്‍ പറഞ്ഞാല്‍ പോരെ ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാണെന്ന്. പെട്ടെന്ന് പറയാന്‍ പറ്റില്ല എന്നായിരുന്നു ലാലിന്റെ മറുപടി.