നമ്മുടെ ഭർത്താക്കന്മാർ സമ്മതിച്ചാൽ നിന്നെ ഞാൻ 3 തവണയെങ്കിലും കല്യാണം കഴിച്ചേനെ, പോരുന്നോ എന്റെ കൂടെ?: കുറിപ്പുമായി സിതാര

Advertisement

നർത്തകിയും ഗായകൻ വിധു പ്രതാപിന്റെ ഭാര്യയുമായ ദീപ്തിക്കു പിറന്നാൾ മംഗളം നേർന്ന് ഗായിക സിതാര കൃഷ്ണകുമാർ. ദീപ്തിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സിതാര കുറിച്ച വാക്കുകൾ ഇപ്പോൾ ആരാധകശ്രദ്ധ നേടുകയാണ്. ദീപ്തി തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമാണെന്നു വിവരിക്കാനാകില്ലെന്നു സിതാര കുറിക്കുന്നു. തങ്ങളുടെ ഭർത്താക്കന്മാർ സമ്മതിച്ചാൽ താൻ ദീപ്തിയെ വിവാഹം കഴിക്കുമെന്നും സിതാര സരസമായി കുറിച്ചു.
കുറിപ്പ് ഇങ്ങനെ:

ദീപ്തി, നിന്റെ സൗഹൃദം മറ്റെല്ലാവരുടേതും പോലെയല്ല എനിക്ക്. നിന്നോടുള്ള എന്റെ സ്നേഹം പതിയെ ഒഴുകുകയാണ്. ഇപ്പോൾ നീ എനിക്കേറ്റവും വിശ്വാസമുള്ള സുഹൃത്തുക്കളിലൊരാളാണ്. നിനക്ക് എന്നെക്കുറിച്ച് എന്താണു തോന്നുന്നതെന്ന് എനിക്കറിയില്ല. ഞാൻ അതേക്കുറിച്ചോർത്തു ദുഃഖിക്കുന്നുമില്ല. നീ എന്നും എനിക്കു പ്രിയപ്പെട്ടവളായി തുടരും. കാരണം, നീ അത്രയും മികച്ച സുഹൃത്താണ്. നിനക്ക് എപ്പോഴും നല്ലതു വരട്ടെ സുന്ദരി. ഒരു പെൺ സുഹൃത്ത് എന്ന നിലയിൽ നീ എനിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. നിന്നെപ്പോലെ പരിശുദ്ധ മനസ്സുള്ള മനുഷ്യർ ഈ ലോകത്തെ മികച്ച ഇടമാക്കി മാറ്റുന്നു. ഈ സജീഷും വിധു പ്രതാപും സമ്മതിച്ചിരുന്നെങ്കിൽ നിന്നെ ഞാൻ മിനിമം മൂന്ന് പ്രാവശ്യം കല്യാണം കഴിച്ചേനേ. ദീപ്തിമോളെ… പോരുന്നോ എന്റെ കൂടെ!

സിതാരയുടെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു ദീപ്തിക്കു പിറന്നാൾ മംഗളങ്ങൾ നേരുന്നത്. സിതാരയുടെയും ദീപ്തിയുടെയും കുടുംബങ്ങൾ തമ്മിൽ വളരെ കാലമായുള്ള സൗഹൃദമാണുള്ളത്. ഇരുകൂട്ടരും ഒരുമിച്ചുള്ള ആഘോഷവേളകളുടെ ചിത്രങ്ങളും വിഡിയോകളും മുൻപ് പുറത്തുവന്നിരുന്നു.