നടൻ ബാലയുടെ ശസ്ത്രക്രിയ വിജയകരം

Advertisement

കൊച്ചി: കരൾരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന നടൻ ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞു. രണ്ട് ദിവസം മുമ്പായിരുന്നു കരൾമാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു. ബാല ആരോഗ്യവാനായി തുടരുന്നുവെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയിൽ തുടരും.

ഗുരുതരമായ കരൾരോഗത്തെത്തുടർന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേയ്ക്ക് തിരികെയെത്തുകയായിരുന്നു. മുന്നോട്ടുള്ള ബാലയുടെ ആരോഗ്യാവസ്ഥയ്ക്കായി കരൾമാറ്റ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചത്. ബാലയ്ക്കുവേണ്ടി കരൾ പകുത്ത് നൽകാൻ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതിൽനിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂർണ ആരോഗ്യവാനായി ആശുപത്രിയിൽ തുടരുന്നുണ്ട്.

ഭാര്യ എലിസബത്തിനൊപ്പം കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയിൽ ശസ്ത്രക്രിയയുടെ കാര്യം ബാല സൂചിപ്പിച്ചിരുന്നു. ‘‘മൂന്നുദിവസത്തിനുള്ളിൽ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്, എന്നാൽ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി.’’–ബാല അന്നു പറഞ്ഞു.

സിനിമാ പ്രവർത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്.

Advertisement