വിക്രം ‘കെജിഎഫി’ല്‍; റോക്കി ഭായിക്കുംമുന്നേ കെജിഎഫിലെത്തിയ തങ്കലാന്‍

Advertisement

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ ചോളരാജ കുമാരനായ ആദിത്യകരികാലനായി ഗംഭീരപ്രകടനമാണ് ചിയാന്‍ വിക്രം നടത്തിയത്. സിനിമയുടെ രണ്ടാം ഭാഗം ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്താനിരിക്കെ വിക്രത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
കബാലി, കാലാ, സാര്‍പ്പട്ട പരമ്പരൈ എന്നീ സിനിമകള്‍ ഒരുക്കിയ പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ എന്ന ചിത്രത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി താരം കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ (കെജിഎഫ്) എത്തിയിരുന്നു. കോലാര്‍ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ആക്ഷന്‍ എന്റര്‍ടെയ്നറായി രൂപകല്പന ചെയ്തിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീന്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് വമ്പന്‍ ബജറ്റിലാണ് തങ്കലാന്‍ നിര്‍മ്മിക്കുന്നത്.
ഒരു മാസത്തിലേറെയായി നീണ്ടുനിന്ന സിനിമയുടെ കെജിഎഫ് ഷെഡ്യൂള്‍ അവസാനിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. തങ്കാലന്റെ 80 ശതമാനത്തോളം ചിത്രീകരണവും പൂര്‍ത്തിയായെന്നും ഈ വര്‍ഷം അവസാനം ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും ഷെഡ്യൂള്‍ പാക്കപ്പിന് ശേഷം പാ രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. കെജിഎഫിന് പുറമെ ചെന്നൈ, മധുരൈ എന്നിവിടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുക.
വിക്രമിനൊപ്പം ശ്രദ്ധേയമായ സാന്നിധ്യമായി പാര്‍വ്വതി തിരുവോത്തും ചിത്രത്തിലുണ്ട്. 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മാളവിക മോഹനന്‍ ആണ് സിനിമയിലെ നായിക. രശ്മിക മന്ദാനയെ ആയിരുന്നു നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ രശ്മികയുടെ ഡേറ്റ് ക്ലാഷ് മൂലമാണ് കഥാപാത്രത്തിലേക്ക് മാളവികയെ തെരഞ്ഞടുത്തത്.

Advertisement