രാജ്യത്ത് ആദ്യമായി ഇലക്ട്രിക് മോട്ടോര്‍ നിര്‍മ്മിച്ച എഞ്ചിനിയറായ ജി. ഡി നായിഡുവായി മാധവന്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ജി. ഡി നായിഡു’. റോക്കട്രീ ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിന് പിന്നാലെ വീണ്ടും ബയോപിക്കുമായി എത്തുന്നതില്‍ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. ഇന്ത്യന്‍ എഡിസണ്‍ എന്നറിയപ്പെടുന്ന ഗോപാല്‍ സ്വാമി ദുരൈസ്വാമി നായിഡു എന്ന ജി. ഡി നായിഡുവായാണ് മാധവന്‍ ചിത്രത്തില്‍ എത്തുന്നത്. ഇന്ത്യന്‍ എഡിസണ്‍ എന്നും വെല്‍ത്ത് ക്രിയേറ്റര്‍ ഓഫ് കോയമ്പത്തൂര്‍ എന്നും ജി.ഡി. നായിഡുവിന് വിളിപ്പേരുണ്ട്.
ഇന്ത്യയുടെ കാര്‍ഷിക, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ മേഖലകളുടെ പുരോഗതിക്ക് സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ഇദ്ദേഹം. 1893 മാര്‍ച്ച് 23 ന് കോയമ്പത്തൂരിലെ കലങ്കലിലാണ് ജി.ഡി നായിഡു ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ പോളിടെക്‌നിക് കോളേജ്, ആര്‍തര്‍ ഹോപ്പ് പോളിടെക്നിക്, ആര്‍തര്‍ ഹോപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവ സ്ഥാപിച്ചതും ജി. ഡി നായിഡുവാണ്. ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രീ ദി നമ്പി ഇഫക്ടിന് മികച്ച പ്രതീകരണമാണ് വിവിധ ഭാഷകളില്‍ ലഭിച്ചത്.