പുതിയ വാഹനം സ്വന്തമാക്കി മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഇനി താരത്തിന്റെ യാത്രകള്‍ പുതിയ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എല്‍.ബി.ഡബ്ല്യു കാറിലായിരിക്കും. ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ ഓട്ടോബയോഗ്രഫി ലോങ് വീല്‍ബെയ്‌സാണ് കൊച്ചിയിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ മൂത്തൂറ്റ് മോട്ടോഴ്‌സില്‍ നിന്ന് നടന്‍ വാങ്ങിയത്. മോഹന്‍ലാലിന്റെ കൊച്ചിയിലെ പുതിയ വസതിയില്‍ വച്ചാണ് ഡീലര്‍മാര്‍ വാഹനം കൈമാറിയത്.
കാര്‍ ഏറ്റുവാങ്ങാന്‍ മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സില്‍വര്‍ നിറത്തിലുള്ള എസ്.യു.വിയാണ് ലാലേട്ടന്‍ സ്വന്തമാക്കിയത്. മോഹന്‍ലാലിന്റെ താല്‍പര്യത്തിന് അനുസരിച്ച് വിവിധ കസ്റ്റമൈസേഷനും വാഹനത്തില്‍ വരുത്തിയിട്ടുണ്ട്.
1.15 കോടിയുടെ ടൊയോട്ട വെല്‍ഫയര്‍ ആയിരുന്നു മോഹന്‍ലാല്‍ സ്ഥിരം യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്ന വാഹനം. 2020ല്‍ ആണ് ലാലേട്ടന്‍ വെല്‍ഫയര്‍ സ്വന്തമാക്കിയത്. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ലംബോര്‍ഗിനി ഉറുസ്, മെഴ്സിഡസ് ബെന്‍സ് ജി.എല്‍.എസ് ക്ലാസ് എന്നീ വമ്പന്‍മാരും മോഹന്‍ലാലിന്റെ ഗരേജിലുണ്ട്. ലാന്‍ഡ് റോവറിന്റെ ഏറ്റവും വലിയ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എല്‍.ബി.ഡബ്ല്യു. ഏകദേശം 3.39 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.