മോഹൻലാലിൻറെ ഗാരേജിലേക്ക് 3.39 കോടിയുടെ വമ്പൻ എസ്.യു.വി

Advertisement

റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽ.ബി.ഡബ്ല്യു സ്വന്തമാക്കി മോഹൻലാൽ. ബ്രിട്ടീഷ് ആഢംബര വാഹന നിർമ്മാതാക്കളായ ലാൻഡ് റോവർ നിരയിലെ ഓട്ടോബയോഗ്രഫി ലോങ് വീൽബെയ്സാണ് കൊച്ചിയിലെ ജാഗ്വർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തൂറ്റ് മോട്ടോഴ്സിൽ നിന്ന് നടൻ വാങ്ങിയത്. മോഹൻലാലിൻറെ കൊച്ചിയിലെ പുതിയ വസതിയിൽ വച്ചാണ് ഡീലർമാർ വാഹനം കൈമാറിയത്.

കാർ ഏറ്റുവാങ്ങാൻ മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും ആൻറണി പെരുമ്പാവൂരും ഉണ്ടായിരുന്നു. ഇതിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിൽവർ നിറത്തിലുള്ള എസ്.യു.വിയാണ് ലാലേട്ടൻ സ്വന്തമാക്കിയത്. മോഹൻലാലിന്റെ താൽപര്യത്തിന് അനുസരിച്ച് വിവിധ കസ്റ്റമൈസേഷനും വാഹനത്തിൽ വരുത്തിയിട്ടുണ്ട്.

1.15 കോടിയുടെ ടൊയോട്ട വെൽഫയർ ആയിരുന്നു മോഹൻലാൽ സ്ഥിരം യാത്രകൾക്കായി ഉപയോഗിച്ചിരുന്ന വാഹനം. 2020ൽ ആണ് ലാലേട്ടൻ വെൽഫയർ സ്വന്തമാക്കിയത്. ടൊയോട്ട ലാൻഡ് ക്രൂയിസർ, ലംബോർഗിനി ഉറുസ്, മെഴ്‌സിഡസ് ബെൻസ് ജി.എൽ.എസ് ക്ലാസ് എന്നീ വമ്പൻമാരും മോഹൻലാലിൻറെ ഗരേജിലുണ്ട്.

ലാൻഡ് റോവറിൻറെ ഏറ്റവും വലിയ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽ.ബി.ഡബ്ല്യു. ഏകദേശം 3.39 കോടി രൂപയാണ് എക്സ്ഷോറൂം വില. 530 പി.എസ് കരുത്തും 750 എൻ.എം ടോർക്കുമുള്ള 4.4 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ ആണ് വാഹനത്തിൻറെ കരുത്ത്. ഉയർന്ന വേഗം മണിക്കൂറിൽ 255 കിലോമീറ്റർ ആണ്.

21 ഇഞ്ച് ഡയമണ്ട് ടൂൺഡ് ഗ്ലോസ് ഡാർക് ഗ്രേ അലോയ് വീലുകളാണുള്ളത്. പനോരമിക് സൺറൂഫ്, ഇമേജ് പ്രൊജക്‌ഷനുള്ള ഡിജിറ്റൽ എൽഇഡി ഹെഡ്‌ലാമ്പ് എന്നിവ പ്രത്യേകതകളാണ്. സെമി അനിലൈൻ ലെതർ സീറ്റുകൾ, 24 തരത്തിൽ ക്രമീകരിക്കാവുന്ന ചൂടും തണുപ്പും തരുന്ന മസാജ് മുൻ സീറ്റുകൾ, എക്സ്‍ക്ലൂസീവ് ക്ലാസ് കംഫർട് പ്ലസ് റിയർ സീറ്റ് എന്നിവയാണ് ഉൾഭാഗത്തെ പ്രധാന സവിശേഷതകൾ. 13.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തോടൊപ്പം തകർപ്പൻ മെറിഡിയൻ സിഗ്നേച്ചർ സൗണ്ട് സിസ്റ്റവുമുണ്ട്.