ശസ്ത്രക്രിയയ്ക്കു ശേഷം ആദ്യ ചിത്രം പങ്കുവച്ച് ബാല

Advertisement

കരൾമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ നിന്നും ആദ്യ ചിത്രം പങ്കുവച്ച് നടൻ ബാല. അൽപ്പം വൈകിയെങ്കിലും ഭാര്യ എലിസബത്തിനെ ചേർത്തു പിടിച്ച് ഈസ്റ്റർ ആശംസിക്കുന്ന ചിത്രമാണ് ബാല പ്രേക്ഷകർക്കായി പങ്കുവച്ചത്.

ബാലയുടെ മുഖത്ത് ഇപ്പോൾ കാണുന്നത് അതിജീവനത്തിന്റെയും പ്രാർഥനയുടെയും സന്തോഷമാണെന്ന് പ്രേക്ഷകരും പറയുന്നു. നടന്റെ കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒരു മാസത്തോളം ബാല ആശുപത്രിയിൽ തുടരും.

ശസ്ത്രക്രിയ നടക്കുന്നതിനു മുൻപ് ബാലയും എലിസബത്തും ആശുപത്രിയിൽ വച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചിരുന്നു. കേക്ക് മുറിച്ചാണ് വാർഷികം ചെറിയ രീതിയിൽ അവർ ആഘോഷമാക്കിയത്. ബാലയുടെ ചിറ്റപ്പനും ചിറ്റമ്മയും ഒപ്പമുണ്ടായിരുന്നു.

ഗുരുതരമായ കരൾരോഗത്തെത്തുടർന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. കരൾമാറ്റ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചത്. ബാലയ്ക്കുവേണ്ടി കരൾ പകുത്ത് നൽകാൻ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതിൽനിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു.

സിനിമാ പ്രവർത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്.