വരാനിരിക്കുന്നത് പൃഥ്വിയുടെ നല്ലകാലമെന്ന് കണക്കു കൂട്ടുന്നത് വെറുതേയല്ല

Advertisement

ഏറെ പ്രതീക്ഷയോടെ സൃഷ്ടാക്കള്‍ കാത്തുവച്ച പടമാണ് ആടു ജീവിതം. അതിന്‍റെ പൊട്ടുംപൊടിയും പുറത്തുവന്നപ്പോഴുള്ള കോലാഹലവും ആരാധകരുടെ ആവേശവും കണ്ടപ്പോള്‍തന്നെ ആത്മവിശ്വാസം ഇരട്ടിച്ച നിലയിലാണ് ബ്ളസിയും പൃഥ്വിരാജും സംഘവും. കഴിഞ്ഞ ദിവസമായിരുന്നു ആടുജീവിതത്തിന്റെ പേരിൽ ചിലഭാ​ഗങൾ പ്രേക്ഷകരിലെത്തിയത്.എന്നാൽ ഇത് ട്രെയ്ലർ അല്ലാ എന്നും ട്രെയ്ലെർ ഉടൻ വരുമെന്നും പറഞ്ഞ് നടൻ പൃഥ്വീരാജ് തന്നെ രം​ഗത്ത് വന്നിരുന്നു. ആടുജീവിതത്തിൻ്റെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.ഈ സിനിമയ്ക്കായി വർ‌ഷങ്ങൾ‌ മാറ്റിവെച്ചതിൻ്റെ മികവ് പൃഥ്വിരാജിൻ്റെ കഥാപാത്രാവിഷ്കാരത്തിലൂടെ പ്രേക്ഷകർ കാണാൻ കാത്തിരിക്കുകയാണ്.അന്താരാഷ്ട്ര തലത്തിൽ മലയാളത്തിൻ്റെ യശസുയർത്തുന്ന,ഒരുപക്ഷേ ലോകോത്തര അംഗീകാരങ്ങൾ പോലും മലയാള സിനിമയെ തേടിയെത്താൻ കാരണമായേക്കാവുന്ന സിനിമയെന്നു ആടുജീവിതത്തെ വിശേഷിപ്പിക്കാം.

ആടു ജീവിതം ഒരു സാമ്പിൾ മാത്രമാണ്. അടുത്ത പത്തു വർഷം പൃഥ്വിരാജ് എന്ന കലാകാരൻ്റെ സിനിമാ ജീവിതം മാറ്റിമറിക്കാനൊരുങ്ങുന്നത് മലയാള സിനിമയെ കൂടിയാണ്.പൃഥ്വീരാജ് മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യവും ഇപ്പോൾ വൈറലാവുന്നുണ്ട്.
40 വയസ് കഴിയുമ്പോഴാണ് തൻ്റെ കരിയറിൻ്റെ മറ്റൊരു മുഖം ആരംഭിക്കുന്നതെന്ന്. അതു സത്യമാക്കുന്ന ഒരുപിടി പ്രോജക്ടുകളാണ് ഇപ്പോൾ അണിയറയിലൊരുങ്ങുന്നത്. അതിൻ്റെ തുടക്കം മാത്രമാണ് ആടുജീവിതം. പ്രശസ്ത സാഹിത്യകാരൻ ബെന്ന്യാമിൻ്റെ ഇതേ പേരിലുള്ള നോവലിൻ്റെ ദൃശ്യാവിഷ്കാരം ഒരുക്കുന്നത് സംവിധായകൻ ബ്ലെസിയാണ്. വർഷങ്ങളുടെ തയാറെടുപ്പോടെയാണ് ബ്ലെസിയും ആടുജീവിതവുമായി എത്തുന്നത്. അതെ സമയം മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന എമ്പുരാൻ ഈ കൊല്ലം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കും. മോഹൻലാലും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മറ്റൊരുവമ്പൻ വിജയം സൃഷ്ടിക്കുമെന്നത് ഉറപ്പാണ്.
മലയാളത്തിന് പുറമെ,ബോളിവു‍ഡിൽ നേരത്തെ തന്നെ തൻ്റെ സാന്നിധ്യം അറിയിച്ച താരം ഇനി രണ്ട് ഹിന്ദി ചിത്രങ്ങളിലാണ് ഭാഗമാകുന്നത്. ബഡേ മിയാൻ ഛോട്ടേ മിയാനിൽ അക്ഷയ് കുമാറിനും ടൈഗർ ഷെറോഫിനുമൊപ്പമാണ് പൃഥ്വിരാജ് എത്തുന്നത്. വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതു രണ്ടാം തവണയാണ് അക്ഷയ് കുമാറും പൃഥ്വിരാജും ഒന്നിച്ച് സ്ക്രീനിലെത്തുന്നത്. സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ബേബിയുടെ രണ്ടാം ഭാഗമായി ഒരുക്കിയ നാം ഷബാനയിൽ പൃഥ്വിരാജായിരുന്നു പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.ബോളിവുഡ് നായിക കജോളിനൊപ്പം കേന്ദ്രകഥാപാത്രമായി എത്തുന്ന സർസാമീൻ എന്ന ചിത്രവും അണിയറയിൽ തയാറാകുന്നുണ്ട്. കായോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രം കരൺ ജോഹറിൻ്റെ ധർമ്മ പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. ബോളിവുഡ് താരം സെയ്ഫ് അലിഖാൻ്റെ മകൻ ഇബ്രാഹിം അലിഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതായത് മലയാളത്തിന്‍റെ പൃഥ്വി ഗ്ളോബല്‍ പൃഥ്വിയാവുകയാണ് വരും കാലത്ത്.

Advertisement