മലയാളത്തിലെ ചില നടീനടന്മാർ ചിത്രീകരണത്തിനിടയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന ഫെഫ്കയുടെ ആരോപണം സിനിമാലോകത്തു തന്നെ വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ അതേ വിഷയവുമായി ബന്ധപ്പെട്ട് നിർമാതാവും ഫെഫ്ക പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി. സുശീലൻ എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പുതിയ തലമുറയിലെ അഭിനേതാക്കൾ ലൊക്കേഷനിൽ കാട്ടിക്കൂട്ടുന്ന പ്രശ്നങ്ങളിൽ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ആണെന്ന് ഷിബു പറയുന്നു. സിനിമയെ അപമാനിക്കുന്ന ഇങ്ങനെയുള്ള താരങ്ങളുടെ പുറകെ നിർമാതാക്കൾ പോകരുതെന്നും അവർ സമാധാനത്തോടെ വീട്ടിൽ ഇരിക്കട്ടെയെന്നും ഷിബു വ്യക്തമാക്കുന്നു.
‘‘ഫെഫ്ക പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ അംഗങ്ങളുടെയും, അതു പോലെ ഫെഫ്കയിലെ മറ്റ് യൂണിയൻ സഹപ്രവർത്തകരുടെയും ഒട്ടേറെ പ്രശ്നങ്ങൾ ദിവസവും കേൾക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. പക്ഷേ ഇന്നലെ ഫെഫ്ക ജനറൽ കൗൺസിൽ കഴിഞ്ഞിട്ട് ഒരു പ്രസ്സ് മീറ്റ് നടന്നു..
പുതിയ തലമുറയിലെ അഭിനേതാക്കൾ ലൊക്കേഷനിൽ കാട്ടിക്കൂട്ടുന്നപ്രശ്നങ്ങളെ പറ്റി. ഈ പ്രശ്നത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗം പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവാണ്. ഷൂട്ടിങ് തുടങ്ങിയാൽ സമയത്തു വരില്ല, ഫോൺ വിളിച്ചാൽ എടുക്കില്ല, നമ്മൾ അവരോട് ദ്രോഹം ചെയ്തപോലെയാണ് പെരുമാറ്റം…അങ്ങനെ നിരവധി തലവേദന… നമ്മൾ എന്തിന് ഇത് സഹിക്കണം.പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗം കൂടിയായ എന്റെ അഭിപ്രായം ഇതാണ്.
സിനിമ നിർമാതാക്കൾ എന്തിനാണ് ഇവരെ വച്ച് സിനിമ എടുക്കുന്നത്.. സംവിധായകർ, എഴുത്തുകാർ എന്തിനാ ഇവരുടെ പുറകെ പോകുന്നത്.. ആദ്യം നിങ്ങൾ ഈ പ്രശ്നക്കാരുടെ പുറകെ പോകാതിരിക്കുക. അവർ സമാധാനത്തോടെ വീട്ടിൽ ഇരിക്കട്ടെ… നമ്മൾ എന്തിന് അവരുടെ സമാധാനം കളയണം….എന്തിനാ കാശ് കൊടുത്തു തലവേദന, പ്രഷർ, ഉറക്കമില്ലായ്മ നമ്മൾ വാങ്ങണം.
അവർ വീട്ടിൽ കിടന്നു നന്നായി ഉറങ്ങട്ടെ.. ആരും ഉണർത്താൻ പോകരുത്.. അവരുടെ ഫോണിൽ വിളിക്കാതിരിക്കുക..അവർ വേണ്ടുവോളം വിശ്രമിക്കട്ടെ. നമ്മൾ വിളിച്ചുണർത്തി കാശ് കൊടുത്തിട്ട് എന്തിനാണ് നമ്മുടെ ഉറക്കം കളയുന്നത്. ഇങ്ങനെ സിനിമ ഇൻഡസ്ട്രിയെ നശിപ്പിക്കുന്നവരെ നമ്മൾ എന്തിന് ഉൾപ്പെടുത്തണം. സമാധാനത്തോടെ ജോലിയിൽ ആത്മാർഥത ഉള്ളവരെ വച്ച് സിനിമ എടുക്കുന്നതല്ലേ നമ്മുടെ ആരോഗ്യത്തിന് നല്ലത്.
മുപ്പതു വർഷം ആയി ഞാൻ സിനിമയിൽ വന്നിട്ട് ആർക്കും ഒരു ദ്രോഹവും ഇത് വരെ ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. പക്ഷേ അടുത്ത കാലത്ത് ഞാനായിട്ട് ഒരു യുവനടന് ‘അമ്മ’യിൽ മെംബർഷിപ്പ് എടുത്തു കൊടുത്തു കൊണ്ട് ‘അമ്മ’ സംഘടനയോട് വലിയ ദ്രോഹം ചെയ്തുപോയി. ‘അമ്മ’ ഭാരവാഹികളോട് സത്യത്തിൽ മാപ്പ് അർഹിക്കാത്ത തെറ്റാണ് ഞാൻ ചെയ്തത് എന്ന കുറ്റബോധം ഇപ്പോൾ എനിക്കുണ്ട്. ഈ യുവനടൻ മലയാളസിനിമയ്ക്ക് ഇത്രയും പ്രശ്നക്കാരനാകുമെന്ന് സ്വപ്‌നത്തിൽ പോലും ഞാൻ കരുതിയില്ല.