സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപ തട്ടിയെടുത്തു, തന്റെ പേരിൽ തട്ടിപ്പ് നടന്നെന്ന് സജിത മഠത്തിൽ

Advertisement

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ പേരിൽ പണം തട്ടിയ ആളിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി സജിതാ മഠത്തിൽ. താൻ പങ്കാളിയാകുന്ന സിനിമയിൽ വേഷമുണ്ടെന്ന് വിശ്വസിപ്പിച്ച് ഗൾഫിലെ ഒരു യുവനടന്റെ പിതാവിൽ നിന്നു പ്രസൂൺ എന്നയാൾ‌ മൂന്നു ലക്ഷം രൂപ തട്ടിയെടുത്തു എന്ന് സജിത മഠത്തിൽ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

സുഹൃത്തുക്കളെ താഴെ കാണുന്ന കഥാപാത്രത്തിന്റെ പേര് പ്രസൂൺ എന്നാണെത്രെ. അയാൾക്ക് സിനിമയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. ഒരിക്കലെന്നെ വിളിച്ച് സ്ക്രിപ്പറ്റ് ചർച്ച ചെയ്യണമെന്നു പറഞ്ഞു. മറ്റൊരു ദിവസം ആവട്ടെ എന്നും പറഞ്ഞു. പക്ഷെ ശേഷം വിവരമൊന്നുമില്ല. പിന്നീട് കക്ഷിയുടെ മെസേജ് വരുന്നത് ഞാൻ വാട്സപ്പ് സ്റ്റാറ്റസ്സായി ഒരു ഓഡിഷൻ കോൾ ഷെയർ ചെയ്തപ്പോഴാണ്. അയാളുടെ ഒരടുത്ത സുഹൃത്തിന്റെ മകനെ അഭിനയിപ്പിക്കാൻ ഈ സിനിമയിൽ പറ്റുമോ എന്നു ചോദിച്ചു കൊണ്ടുള്ള മെസേജ്. അതിൽ ഇമെയിൽ ഉണ്ടല്ലോ അതിലേക്ക് അയക്കൂ എന്ന മറുപടിയും ഞാനയച്ചു. പിന്നീട് എന്തെങ്കിലും വിവരം ഉണ്ടോ എന്ന് ചോദിച്ചു മെസേജ് വന്നു. അതിന്റെ കാസ്റ്റിങ്ങ് ഇന്ന ആളാണ് നടത്തുന്നത് എന്നു മറുപടിയും കൊടുത്തു. അതവിടെ കഴിഞ്ഞു.– സജിത മഠത്തിൽ കുറിച്ചു.

പിന്നീട് ഗൾഫിൽ നിന്ന് ഒരു നടന്റെ പിതാവിന്റെ ഫോൺ വന്നപ്പോഴാണ് എന്റെ പേരിൽ പ്രസൂൺ എന്നയാൾ തട്ടിപ്പ് നടത്തിയെന്ന് മനസ്സിലായത്. സിനിമ നടക്കുന്നില്ലെന്ന് മനസ്സിലായതിനാൽ അയാൾ പ്രസൂണിനോട് പണം തിരിച്ച് ചോദിച്ചതോടെ അയാൾ മുങ്ങിയെന്നും സജിത മഠത്തിൽ സാമൂഹികമാധ്യമത്തിൽ കുറിച്ചു.

ആ രക്ഷിതാവിന് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടണം. അതേ പോലെ എന്റെ പേര് അനാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് വലിച്ചിടാനും പറ്റില്ല. അതിനാൽ ഈ വിവരം നിയമപരമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് വിചാരിക്കുന്നു. എന്റെ സുഹൃത്തുക്കളുടെ സഹായ നിർദ്ദേശങ്ങൾ ആവശ്യമുണ്ട്. ഈ കക്ഷിയെ ഏതെങ്കിലും രീതിയിൽ പരിചയമുണ്ടെങ്കിൽ എന്നെ അറിയിക്കണമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

Advertisement