പ്രണയിച്ച് നടക്കാന്‍ സമയമില്ല. 30 വയസ്സായി. എനിക്ക് നിന്നെ വിവാഹം കഴിക്കണം… പ്രണയ വിശേഷങ്ങള്‍ പങ്കുവെച്ച് ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹല്‍

Advertisement

ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും നടിയും കൊറിയോഗ്രാഫറുമായ ധനശ്രീ വര്‍മയും മൂന്ന് വര്‍ഷം മുമ്പായിരുന്നു വിവാഹിതരായത്. ധനശ്രീ വര്‍മയെ ആദ്യം കണ്ടുമുട്ടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ചാഹല്‍. ഹ്യൂമാന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാഹല്‍ മനസ് തുറന്നത്.
കോവിഡ് കാലത്ത് ധനശ്രീയുടെ നൃത്തക്ലാസില്‍ ചേര്‍ന്ന ചെഹല്‍ പിന്നീട് അവരെ വിവാഹം കഴിക്കുകയായിരുന്നു. ലോക്ക്ഡൗണിലാണ് ഇരുവരും ഓണ്‍ലൈനിലൂടെ കണ്ടുമുട്ടിയത്. മത്സരങ്ങളൊന്നുമില്ലാതിരുന്ന സമയത്ത് നൃത്തം പഠിക്കാന്‍ ആഗ്രഹം തോന്നിയ ചാഹല്‍ എത്തിച്ചേര്‍ന്നത് ധനശ്രീയുടെ അടുത്തായിരുന്നു. ഓണ്‍ലൈനിലൂടെ ധനശ്രീ ചാഹലിന് നൃത്തം പഠിപ്പിച്ചുകൊടുത്തു. ഇരുവരും തമ്മിലുള്ള ഈ ബന്ധം വളരുകയും വിവാഹത്തില്‍ എത്തുകയും ചെയ്തു.
പ്രണയിച്ച് നടക്കാന്‍ താത്പര്യമില്ലെന്നും വിവാഹം ചെയ്തോട്ടെ എന്നുമാണ് ആദ്യം താന്‍ ധനശ്രീയോട് ചോദിച്ചതെന്ന് ചാഹല്‍ പറയുന്നു. നേരിട്ട് കണ്ട് സംസാരിച്ചിട്ട് തീരുമാനം പറയാം എന്നായിരുന്നു ധനശ്രീയുടെ മറുപടി.
”കോവിഡ് ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കുടുംബത്തോടൊപ്പമായിരുന്നു. നാലു മാസക്കാലം ഗുരുഗ്രാമിലെ വീട്ടിലായിരുന്നു. ക്രിക്കറ്റ് കരിയര്‍ തുടങ്ങിയ ശേഷം ഇത്രയും നീണ്ട കാലം വീട്ടില്‍ നില്‍ക്കുന്നത് ആദ്യ സംഭവമാണ്. അപ്പോഴാണ് നൃത്തം പഠിച്ചാല്‍ കൊള്ളാമെന്നു തോന്നിയത്. രണ്ട് മാസം ധനശ്രീയുടെ ക്ലാസില്‍ ഓണ്‍ലൈനായി നൃത്തം പഠിച്ചു. ജീവിതത്തില്‍ എങ്ങനെയാണ് ഇത്ര സന്തോഷിക്കുന്നതെന്ന് ഒരിക്കല്‍ ഞാന്‍ ധനശ്രീയോടു ചോദിച്ചു. ചെറിയ കാര്യങ്ങളില്‍വരെ സന്തോഷം കണ്ടെത്താറുണ്ടെന്നായിരുന്നു മറുപടി.” അത് എന്നെ ആകര്‍ഷിച്ചു. എന്നെപ്പോലെയുള്ള പെണ്‍കുട്ടി എന്ന് മനസില്‍ കരുതി. ധനശ്രീയെ കുറിച്ച് വീട്ടുകാരോട് സംസാരിച്ചു. പ്രണയിച്ച് നടക്കാന്‍ സമയമില്ല. 30 വയസ്സായി. എനിക്ക് നിന്നെ വിവാഹം കഴിക്കണം എന്നുണ്ട്’ എന്ന് ഞാന്‍ അവളോട് പറഞ്ഞു. ആദ്യം നിങ്ങളെ നേരിട്ട് കാണണം എന്നായിരുന്നു ധനശ്രീയുടെ മറുപടി. ഞങ്ങള്‍ അതിന് മുമ്പൊന്നും നേരിട്ട് കണ്ടിരുന്നില്ല. മുംബൈയിലായിരുന്നു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച്ച. അതിനുശേഷം അവള്‍ ‘യെസ്’ പറഞ്ഞു.’-അഭിമുഖത്തില്‍ ചാഹല്‍ പറയുന്നു.

Advertisement