ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും വിലക്ക്; ഇരുവർക്കുമെതിരെ നിരവധി പരാതികളെന്ന്

Advertisement

കൊച്ചി: നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും സിനിമയിൽനിന്ന് വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് വിവിധ സിനിമാ സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇരുവർക്കുമെതിരെ നിരവധി പരാതികൾ ലഭിച്ചെന്നും ‘അമ്മ’ പ്രതിനിധികൾകൂടി ഉൾപ്പെട്ട യോഗത്തിലാണ് വിലക്കാൻ തീരുമാനിച്ചതെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ലഹരി മരുന്ന് ഉപയോഗിക്കുന്ന ഒരുപാട് പേർ സിനിമയിലുണ്ട്. പലരെക്കുറിച്ചും പരാതികളില്ലാത്തതിനാലാണ് അവരുടെ പേരുകൾ ഇപ്പോൾ പറയാത്തത്. പണ്ട് ഒളിച്ചും പാത്തും പതുങ്ങിയുമൊക്കെയായിരുന്നു ഉപയോഗം. ഇപ്പോൾ പരസ്യമായാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇവർ ബോധമില്ലാതെ പലതും ചെയ്ത് കൂട്ടിയാൽ അതിന് ഉത്തരവാദിത്തം മുഴുവൻ സിനിമ സംഘടനകൾക്കാണ്. പലരുടെയും പേരുകൾ സർക്കാറിന് കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ആ പേരുകൾ പരസ്യപ്പെടുത്തിയിട്ടില്ല. അതേക്കുറിച്ച് അന്വേഷണം നടത്തട്ടെ -നിർമാതാവ് രഞ്ജിത് പറഞ്ഞു.

ഷെയിൻ നിഗം ഒരു സിനിമ പകുതി എത്തിക്കഴിയുമ്പോൾ കൂടുതൽ പ്രാധാന്യം വേണമെന്നും എഡിറ്റ് ചെയ്ത് കാണണമെന്നും അതല്ലെങ്കിൽ അഭിനയിക്കില്ലെന്നും വ്യക്തമാക്കി മെയിൽ ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ പറയുന്നത്. ഇത് ഒരു സംഘടനക്കും സഹിക്കാൻ പറ്റാത്തതാണ്. ശ്രീനാഥ് ഭാസി ഏതെല്ലാം പടത്തിലാണ് അഭിനയിക്കുന്നത്, ആർക്കൊക്കെയാണ് ഒപ്പിട്ട് കൊടുത്തത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല -അദ്ദേഹം പറഞ്ഞു.