സാന്ത്വനത്തിലെ അച്ചുവിനെ അറിയില്ലേ? അച്ചുവിന്റെ വിശേഷങ്ങൾ അറിയാം

Advertisement

ആളറിയാതെ ഒരു ഫോട്ടോയെടുക്കാൻ പോകുന്നു…നൈസായിട്ട് ഫോണിൽ ഫോട്ടോയെടുക്കുന്നു…പക്ഷേ, ആരും ശ്രദ്ധിച്ചില്ലെന്ന് കരുതിയ കാര്യം ഫോട്ടോ എടുത്ത ആള് തന്നെ അറിയുന്നു. എങ്ങനെ എന്നല്ലേ, ഫോണിന്റെ ഫ്ലാഷ് ഓഫ് ചെയ്യാൻ മറന്നു. ആകെ മൊത്തം ചമ്മി. കുറച്ചുകാലം മുമ്പ് ടിക്ടോക്കിലൂടെ ഇങ്ങനൊരു വിഡിയോ പുറത്ത് വിട്ടപ്പോൾ ആ കണ്ടന്റ് ക്രിയേറ്റർ അറിഞ്ഞില്ല, ആ അമളി തന്റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന്.

രണ്ട് ദിവസം കൊണ്ട് ടിക് ടോക്കിൽ അൻപത് ലക്ഷത്തിലധികം പേരാണ് ആ വിഡിയോ കണ്ടത്. ടിക് ടോക്ക് എന്താണെന്ന് പോലും അറിയാത്ത പെൺകുട്ടി ഒരൊറ്റ ദിവസം കൊണ്ട് ടിക്ടോക്കിൽ സ്റ്റാർ. മഞ്ജുഷ മാർട്ടിനാണ് ആ പെൺകുട്ടി. ആ പേര് പറഞ്ഞാൽ ചിലപ്പം എല്ലാവർക്കും മനസ്സിലാകണമെന്നില്ല. സാന്ത്വനത്തിലെ അച്ചു അതാണ് ഇപ്പോൾ മഞ്ജുഷയുടെ ഐഡന്റിറ്റി.

ടിക്ടോക് കേരളത്തിൽ പ്രചാരത്തിലായ കാലം മുതൽ ടിക്ടോക്കിലൂടെ പ്രകടനങ്ങൾ നടത്തുന്നവർ നിരവധിയാണ്. പക്ഷേ, കോളജിലെത്തിയിട്ടും ടിക്ടോക്കിനെ പറ്റി കൂടുതൽ അറിയാനോ പരിചയപ്പെടാനോ മഞ്ജുഷ ശ്രമിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം മഞ്ജുഷയുെട ഒരു സുഹൃത്താണ് ടിക്ടോക്കിനെ പറ്റി പറയുന്നത്. വല്യ കാര്യമായി ടിക്ടോക്കിനെ പറ്റി പറഞ്ഞ് ആവശ്യത്തിലധികം ബൂസ്റ്റപ്പും തന്ന് വിട്ടാണ് അന്ന് ആ സുഹൃത്ത് മഞ്ജുഷയെ യാത്രയാക്കിയത്. ‘ എന്തായാലും അവൾ കാര്യമായി പറഞ്ഞതല്ലേ എന്ന് കരുതിയാണ് ഞാൻ ടിക്ടോക്കിൽ വിഡിയോ ചെയ്യാമെന്ന് കരുതിയത്. വീട്ടിലെത്തി കുറെ തവണ കണ്ടു. അങ്ങനെ ഒരു പാട്ട് സെലക്ട് ചെയ്ത് ഒന്നു രണ്ട് വിഡിയോ എടുത്തു. പക്ഷേ, ടെക്നിക്കലി ആപ്പിനെ പറ്റി കാര്യമായിട്ടൊന്നും അറിയാത്തതുകൊണ്ട് കോളജിലെത്തിയിട്ട് കൂടുതൽ മനസ്സിലാക്കാമെന്നും കരുതി. പക്ഷ വിഡിയോ എങ്ങനെയൊക്കെയോ അപ്‍ലോഡായി. കുറച്ച് നേരം കഴിഞ്ഞ് വന്നപ്പോഴേക്കും ലക്ഷക്കണക്കിന് ആളുകൾ ആ വിഡിയോ കണ്ട് കഴിഞ്ഞിരുന്നു. മൂന്നാല് ദിവസത്തിനുള്ളിൽ തന്നെ അഞ്ച് മില്യണിലധികം പേർ‍‍ കണ്ടു. ഇതെന്താണ് സംഗതിയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയതേ ഇല്ല.’. ആദ്യം ചെയ്ത വിഡിയോ തന്നെ ഒറ്റയടിക്ക് ഇത്രയേറെ പേർ കണ്ടത് മഞ്ജുഷയ്ക്ക് വിശ്വസിക്കാൻ പറ്റിയിരുന്നില്ല. ടിക്ടോക്കിൽ ചിലപ്പോൾ 1 വ്യൂ എന്നത് 100 എന്ന് കാണിക്കുമോ എന്ന് തന്നെ ചിന്തിച്ചു. പക്ഷേ, അടുത്ത ദിവസം സുഹൃത്തുമായി ഇതിനെപറ്റി സംസാരിച്ചപ്പോഴാണ് ആദ്യ വിഡിയോയിൽ തന്നെ മഞ്ജുഷ വൈറലായെന്ന് മനസ്സിലായത്. സംഭവം ക്ലിക്കായെന്ന് കണ്ടപ്പോൾ പിന്നെ വിഡിയോ കൂടുതലായി ചെയ്യാൻ തുടങ്ങി. പക്ഷേ, അപ്പോഴേക്കും ടിക്ടോക്ക് ബാൻ ചെയ്തു. പക്ഷേ, ഒന്ന് പോയാൽ അടുത്തത് എന്ന് അന്നേ മഞ്ജുഷ ഉറപ്പിച്ചിരുന്നു.

‘ടിക്ടോക്കും പോയി, ഇനി വിഡിയോ ചെയ്യാൻ എന്തു ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് ടിക് ടോക്കിലെ പല സുഹൃത്തുക്കളും ഇൻസ്റ്റഗ്രാമിലേക്കും യൂട്യൂബിലേക്കുമെല്ലാം ചേക്കേറി എന്ന് മനസ്സിലായത്. എന്നാൽ ആ വഴി നേക്കാമെന്ന് കരുതിയാണ് വിഡിയോ ചെയ്യാൻ തുടങ്ങിയത്. ടിക്ടോക്കിലെയും മറ്റി വിഡിയോ കണ്ട് ഇഷ്ടപ്പെട്ടവർ സ്നേഹവുമായി അവിടെയും എത്തി എന്നുള്ളത് മാത്രമാണ് ഭാഗ്യം. ’

സ്വന്തമായി യൂട്യൂബ് ചാനലൊക്കെ തുടങ്ങിയപ്പോൾ ഉത്തരവാദിത്തവും കൂടി. വിഡിയോ മോശമായാൽ സപ്പോർട്ടേഴ്സിന് അതിഷ്ടമാകില്ലല്ലോ. അങ്ങനെ കൂടുതൽ ഫോക്കസ് ചെയ്ത് മഞ്ജുഷ വിഡിയോകൾ ചെയ്യാൻ തുടങ്ങി. കൂടുതലും സീരീസ് ചെയ്യാനാണ് മഞ്ജുഷ ശ്രമിച്ചത്. ‘ഡാൻസിനേക്കാളും പാട്ടിനേക്കാളുമെല്ലാം കൂടുതലായി, ഒരു കണ്ടന്റ് ക്രിയേറ്റ് ചെയ്ത് ഷോർട് വിഡിയോയായി നൽകിയാൽ കൂടുതൽ റീച്ച് കിട്ടുമെന്നായിരുന്നു തോന്നൽ. സ്വന്തമായി കഥയുണ്ടാക്കി പാട്ടെല്ലാം സെറ്റ് ചെയ്ത് അഭിനയിച്ചു. ആദ്യം എന്റെ പോഷൻസ് മാത്രം അഭിനയിച്ചതിന് ശേഷം ബാക്കിയുള്ള ഭാഗം വിഡിയോയിൽ എഴുതി കാണിക്കുകയാണ് ചെയ്തത്. സഹായത്തിനൊന്നും ആളെ കിട്ടാനില്ലായിരുന്നു അന്ന്. ആദ്യം പോയി വിഡിയോ സെറ്റാക്കും. പിന്നെ ടൈമറൊക്കെ ഇട്ട് ഓടി വന്ന് അഭിനയിക്കും. അങ്ങനെ ആകെ മൊത്തം ഞാൻ തന്നെയായിരുന്നു വിഡിയോയ്ക്ക് പിന്നിലും മുന്നിലുമെല്ലാം. ഇതെല്ലാം കഴിഞ്ഞിട്ട് എഡിറ്റിങ് വേറെയും.’

ആദ്യമൊക്കെ എല്ലാം ഒറ്റയ്ക്കായിരുന്നു മഞ്ജുഷ ചെയ്തത്. പിന്നീട് അഭിനയിക്കാനായി അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും സുഹൃത്തുക്കളുടെയുമെല്ലാം സഹായം കിട്ടി. അപ്പോഴും കണ്ടന്റ് ഡെവലപ്മെന്റും എഡിറ്റിങ്ങുമൊക്കെ മഞ്ജുഷ തന്നെയാണ് ചെയ്തത്.

ചെറുപ്പത്തിൽ ഒരു വർഷത്തോളം ഞാൻ ഡാൻസ് പഠിച്ചിരുന്നു. പിന്നെ സമയം കിട്ടുമ്പോഴൊക്കെ ചുമ്മാ ഡാൻസ് കളിക്കുമായിരുന്നു. പക്ഷേ, അഭിനയവും ഞാനും തമ്മിൽ ഒരു ബന്ധവുമുണ്ടായിരുന്നില്ല. എനിക്ക് ഒട്ടും അഭിനയിക്കാൻ അറിയില്ലായിരുന്നു. എന്നാലും ടിക്ടോക്ക് വിഡിയോയിൽ കൂടുതലും ഞാൻ കണ്ടന്റ്ുകൾ നിർമിക്കാനാണ് ഇഷ്ടപ്പെട്ടത്. ചില പാട്ടിനൊക്കെ അടിപൊളിയായി പലരും അഭിനയിക്കുന്നത് കണ്ടിട്ടുണ്ട്. അത് കണ്ടാണ് ഞാനും അതിന് ശ്രമിച്ചത്. പല സൂപ്പർ താരങ്ങളുടെയും സീനുകൾ അനുകരിക്കാൻ തുടങ്ങി. ആദ്യമൊക്കെ വല്യ രസമില്ലായിരുന്നെങ്കിലും പിന്നീട് അഭിനയിച്ച് അഭിനയിച്ച് ഒരു തഴക്കമൊക്കെ വന്നു. മൊബൈൽ സ്ക്രീൻ നോക്കിയാണ് ഞാൻ അഭിനയം പഠിച്ചത്.

യൂട്യൂബ് വിഡിയോയെല്ലാം കണ്ട് ഒരുപാട് തവണ സീരിയലിലേക്കെല്ലാം അവസരം വന്നിട്ടുണ്ട്. പക്ഷേ, പേടിയായതുകൊണ്ട് തന്നെ പലപ്പോഴും മഞ്ജുഷ അത് മാറ്റിവച്ചു. പെട്ടെന്നാണ് ‘ദൂരെ ദൂരെ’ എന്നൊരു മ്യൂസിക്കൽ ആൽബത്തിൽ അഭിനയിക്കുന്നത്. അത് കണ്ടതിന് ശേഷമാണ് സാന്ത്വനം സീരിയലിൽ നിന്ന് വിളിക്കുന്നത്. ആദ്യമൊക്കെ നോ എന്ന് തന്നെയാണ് പറഞ്ഞത്. പക്ഷേ ഒരുപാട് തവണ സീരിയലിൽ നിന്ന് പലരായി വിളിക്കാൻ തുടങ്ങിയപ്പോൾ അവസരം ഇനി പാഴാക്കണ്ട എന്ന് കരുതി. അങ്ങനെയാണ് സീരിയലിലെത്തുന്നത്. മൊബൈൽ ഫോണിൽ മാത്രം അഭിനയിച്ച് ശീലിച്ച എനിക്ക് അതൊരു പുതിയ ലോകമായിരുന്നു. വലിയ ക്യാമറകളും നിറയെ ആളുകളും. അല്ലെങ്കിൽ തന്നെ എപ്പോഴും ടെൻഷനുള്ളൊരാളാണ് ഞാൻ, ഇതൊക്കെ കാണുമ്പോൾ പിന്നെ പറയും വേണ്ടല്ലേ…പേടിച്ച് വിറച്ചാണ് ആദ്യ ദിവസം ഞാൻ തിരുവനന്തപുരത്തുള്ള ഷൂട്ടിങ് ലൊക്കേഷനിൽ എത്തുന്നത്. മൊത്തത്തിൽ അലമ്പാകുമെന്നാണ് കരുതിയത്. പക്ഷേ, മഞ്ജുഷ അച്ചുവായി മാറിയപ്പോൾ ആ വിറയലും അങ്ങ് മാറി.

എന്റെ ശരീര പ്രകൃതിയൊക്കെ പലർക്കും ഒരു പ്രശ്നാമണ്. നിങ്ങൾ വി‍ഡിയോയിലൊന്നും കണ്ടപോലെയല്ല, നേരിട്ട് ഞാൻ ഭയങ്കരായിട്ട് മെലിഞ്ഞിട്ടാണ്. യൂട്യൂബ് വിഡിയോ ഒക്കെ ചെയ്യുമ്പോൾ അത്രമെലിഞ്ഞിട്ടല്ല എന്ന് തോന്നുന്നത് പോലെയാണ് ഞാൻ ഫ്രെയിമൊക്കെ സെറ്റാക്കിയത്. ആദ്യമാദ്യം സീരിയലുകളിലൊക്കെ പോകാത്തതിന് കാരണവും എന്റെ ഈ ശരീരപ്രകൃതിയാണ്. ആദ്യമായി സാന്ത്വനത്തിന്റെ ലൊക്കേഷനിലെത്തിയപ്പോൾ അവിടെയുള്ള ചിലർക്കൊക്കെ എന്നെ കണ്ടപ്പോൾ അത്ര പിടിച്ചില്ല. ഞാൻ ഇത്രയും മെലിഞ്ഞതായതുകൊണ്ട് ചിലരൊക്കെ മുഖം ചുളിക്കാൻ തോന്നി. അതെനിക്ക് ഭയങ്കരമായി ഫീൽ ചെയ്തു. ഇനി അഭിനയിക്കില്ല എന്ന് കരുതിയാണ് അന്ന് അവിടെ നിന്ന് ഇറങ്ങിയത്. പക്ഷേ, രാത്രിയായപ്പോൾ സീരിയലിന്റെ ഡയറക്ടർ ആദിത്യൻ സാർ എന്നെ വിളിച്ചു. ശരീരമൊന്നും ഒരു പ്രശ്നമില്ലെന്നും കഴിവാണ് നമുക്ക് ഏറ്റവും ആവശ്യമെന്ന് പറഞ്ഞു. നന്നായി അഭിനയിക്കണം, മറ്റൊന്നും കാര്യമാക്കേണ്ട എന്ന് സാർ പറഞ്ഞ വാക്കിലാണ് ഞാൻ പിന്നെയും അഭിനയം തുടങ്ങിയത്. പക്ഷേ, ഇപ്പോൾ അവിടെ ആർക്കും എന്നെ കാണുമ്പോൾ പഴയ പ്രശ്നമൊന്നുമില്ലട്ടോ…കണ്ട് കണ്ട് എല്ലാവർക്കും ഞാൻ ശീലമായി.

പണ്ടൊക്കെ ഞാൻ പുറത്തിറങ്ങുമ്പോൾ യൂത്തായിട്ടുള്ളവരൊക്കെ അടുത്ത് വന്ന് യൂട്യൂബ് വിഡിയോ ചെയ്യുന്ന മഞ്ജുഷയല്ലേ എന്നൊക്കെ ചോദിക്കുമായിരുന്നു. സീരിയലിൽ എത്തിയതോടെ അതൊക്കെ മാറി. ഇപ്പോൾ അമ്മമാരും മുത്തശ്ശിമാരുമൊക്കെയാണ് വന്ന് കുശലം പറയുന്നത്. സ്വന്തം വീട്ടിലെ മകളെ പോലെയാണ് അവരൊക്കെ കാണുന്നത്. പലരും കാണുമ്പോൾ ഓടി വന്ന് കെട്ടിപ്പിടിക്കാറൊക്കെയുണ്ട്. സ്വന്തം കഥാപാത്രത്തിന്റെ പേരിൽ ഇത്രയേറെ പ്രശംസ കിട്ടുന്നതിൽ ഏറെ സന്തോഷമാണ്. ലൊക്കേഷനിൽ പോയാലും പുറത്തിറങ്ങിയാലുമൊക്കെ ഞാൻ എല്ലാവർക്കും അച്ചുവാണ്. അച്ചുവിനെ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്.

പഠനവും സീരിയൽ അഭിനയവും യൂട്യൂബ് ചാനലുമെല്ലാം കൂടി ഒന്നിച്ച് കൊണ്ടുപോകലാണ് ഇപ്പോഴത്തെ ഏറ്റവും പാട് പിടിച്ച പരിപാടി. എൽഎൽബി പഠനകാലത്താണ് സാന്ത്വനം സീരിയലിലെത്തുന്നത്. ഷൂട്ടിന്റെ ഇടയിൽ പഠിത്തത്തിൽ നിന്ന് ശ്രദ്ധമാറരുത് എന്നത് എനിക്ക് നിർബന്ധമായിരുന്നു. ആദ്യമൊക്കെ സീരിയൽ വേണ്ട എന്ന് കരുതിയത് തന്നെ പഠനത്തിൽ യാതൊരു പ്രശ്നവും വരാതിരിക്കാനാണ്. പക്ഷേ, അതെല്ലാം എങ്ങനെയൊക്കെയോ മാനേജ് ചെയ്ത് പോകാൻ പറ്റുന്നുണ്ട്. ഷൂട്ടിന്റെ സമയത്തൊക്കെയാണ് പരീക്ഷകൾ പലതും വന്നത്. തിരുവന്തപുരത്തേക്കുള്ള യാത്രയിൽ ട്രെയിനിൽ വച്ചാണ് പഠനമൊക്കെ പൂർത്തിയാക്കിയത്. ഷൂട്ടും ക്ലാസും ഒക്കെ കഴിഞ്ഞ് വീട്ടിൽ വന്നാലും ചിലപ്പോൾ വി‍ഡിയോ എഡിറ്റിങ്ങൊക്കെ ബാക്കിയുണ്ടാകും. പുലർച്ചെ വരെ ഇരുന്നിട്ടാണ് പല വിഡിയോകളും എഡിറ്റ് ചെയ്ത് തീർക്കുന്നത്. അത് കണ്ട് ആളുകൾ നല്ലത് പറയുമ്പോഴാണ് ആ കഷ്ടപ്പാടൊക്കെ മറക്കുന്നത്.

ഭാവി പരിപാടി എന്താണെന്ന് ചോദിച്ചാൽ മൂന്നുത്തരമുണ്ട് മഞ്ജുഷയ്ക്ക്. പഠനത്തിനാണ് ആദ്യ പരിഗണന. എൽഎൽബി കഴിഞ്ഞു. ഇനി എൽഎൽഎം എടുത്ത് തുടർന്ന് പഠിക്കാനാണ് ആഗ്രഹം. അധ്യാപികയാകണമെന്നതാണ് ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്നത്തിനായാണ് ഇനിയുള്ള ശ്രമം. അപ്പോഴും അഭിനയം കൈവിടരുത്.

സാന്ത്വനത്തിൽ മാത്രമാണ് ഇപ്പോൾ മഞ്ജുഷ അഭിനയിക്കുന്നത്. നല്ല കഥാപാത്രങ്ങൾ വന്നാൽ കൂടുതൽ സീരിയലുകളുടെ ഭാഗമാകാനും താൽപര്യമുണ്ട്. ഒപ്പം സിനിമയും മനസ്സിലുണ്ട്. പിന്നെ…പ്രേക്ഷകരെയും കൈവിടരുതല്ലോ. യൂട്യൂബിൽ കഷ്ടപ്പെട്ട് 1.21 മില്യൻ സബ്സ്ക്രൈബേഴ്സിന് എന്നും നല്ല കണ്ടന്റ് നൽകിക്കൊണ്ടേയിരിക്കണം….

Advertisement