ഷെയ്ൻ നിഗത്തിന്റെ വിലക്കിലേക്ക് നയിച്ച ഇ-മെയിൽ പുറത്ത്

Advertisement

കൊച്ചി: നടൻ ഷെയ്ൻ നിഗത്തിന്റെ സിനിമ വിലക്കിന് കാരണമായ ഇ-മെയിലിന്റെ പകർപ്പ് പുറത്ത്. സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നാണ് ഷെയ്ൻ ഇ-മെയിലിൽ പറയുന്നത്.

ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ താനാണ് പ്രധാന കഥാപാത്രം എന്ന കരാർ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നും ഇ-മെയിലിൽ പറയുന്നു. ഈ മെയിലാണ് ഷെയ്ൻ നിഗത്തിനെതിരായ പരാതിയിലേക്ക് എത്തിയത്.

അതേസമയം, സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മ സംഘടനയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകി. കലൂരിൽ അമ്മയുടെ ആസ്ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്. ഇത്തവണത്തെ വിവാദത്തിൽ ശ്രീനാഥിനെ താരസംഘടന പൂർണ്ണമായും കൈയ്യൊഴിഞ്ഞിരുന്നു. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകൾ സംബന്ധിച്ചും അഭിനേതാക്കൾ കരാർ ഒപ്പിടാൻ നിർമ്മാതാക്കളുടെ സംഘടനയും അമ്മയും തമ്മിലുള്ള ധാരണയായിരുന്നു.

എന്നാൽ താൻ അമ്മയിൽ അംഗമല്ല എന്ന കാരണം പറഞ്ഞ് ശ്രീനാഥ് ഒഴിഞ്ഞ് മാറിയതായും പരാതികൾ ഉയർന്നിരുന്നു. വിലക്ക് നേരിടുന്ന മറ്റൊരു താരമായ ഷെയ്ൻ നിഗം നിലവിൽ അമ്മ അംഗമാണ്. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്നാകും ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ തീരുമാനമെടുക്കുക.

മലയാള സിനിമയിൽ ഏറെക്കാലമായി പുകഞ്ഞു നിന്ന ഒരു പ്രശ്നത്തിൻറെ ശരിക്കും പൊട്ടിത്തെറിയാണ് സിനിമ സംഘടനകൾ സംയുക്തമായി കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഉണ്ടായത്. ഫെഫ്ക, നിർമ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകൾ സംയുക്തമായാണ് കഴിഞ്ഞ ദിവസം വാർത്ത സമ്മേളം നടത്തിയത്. ശ്രീനാഥ് ഭാസി, ഷെയിൻ നിഗം എന്നിവർക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് ഈ സംഘടനകൾ പരസ്യമായി പറയുന്നില്ല. പകരം അവരുമായി സഹകരണമില്ലെന്നാണ് സിനിമ സംഘടനകൾ പറയുന്നത്.

Advertisement