അച്ഛന്റെ ഓർമ്മകളിൽ ഹൃദയസ്പർശിയായ കുറിപ്പുമായി അഭിരാമി സുരേഷ്; ‘നന്ദി അച്ഛാ, ഞങ്ങളെ നല്ല മനുഷ്യരാക്കിയതിന്’

Advertisement

അച്ഛൻ പി.ആർ.സുരേഷ് തങ്ങളെ വിട്ടുപിരിയുന്നതിനു മുൻപ് തന്റെ സ്വപ്നപദ്ധതിയായ സംരംഭം ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് ഗായിക അഭിരാമി സുരേഷ്. അച്ഛൻ മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുൻപാണ് അഭിരാമി കൊച്ചിയിൽ സ്വന്തമായി ആർട് കഫേ ആരംഭിച്ചത്.

തന്റെ ജീവിതത്തിലെ വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് അച്ഛന്റെ പിന്തുണയും അനുഗ്രഹവും ലഭിച്ചതിന്റെ സന്തോഷം അഭിരാമി പങ്കുവയ്ക്കുന്നു. അച്ഛനെക്കുറിച്ചുള്ള ഹൃദയഹാരിയായ കുറിപ്പ് ആരാധകരെയും വേദനിപ്പിക്കുകയാണ്.
അഭിരാമിയുടെ കുറിപ്പ്:

അച്ഛൻ ഞങ്ങളെ പിരിയുന്നതിനു മുൻപ്, എന്റെ സ്വപ്ന പദ്ധതിയായ ബിസിനസ് സംരംഭം ആരംഭിച്ചു. അച്ഛനും അമ്മയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. അങ്ങനെയൊരു ഭാഗ്യം എനിക്കുണ്ടായി. മാതാപിതാക്കളുടെയും സഹോദരിയുടെയും അനുഗ്രഹം എന്റെ പുതിയ യാത്രയിൽ ഒപ്പമുണ്ട്. വീട്ടിൽ ഞങ്ങൾക്കു ഞങ്ങളുടേതായ സ്നേഹത്തിന്റെ ഭാഷയുണ്ട്. അത് ഭക്ഷണവുമായും ബന്ധപ്പെട്ടതാണ്. നല്ല ഭക്ഷണം കിട്ടുന്ന ഇടങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കാൻ എന്റെ അച്ഛന് എപ്പോഴും ഇഷ്ടമായിരുന്നു. ഞങ്ങളുടെ ആഗ്രഹങ്ങൾ പറയാതെ തന്നെ മനസ്സിലാക്കി അച്ഛൻ പുറത്തു നിന്നും ഇഷ്ട ഭക്ഷണം വാങ്ങിക്കൊണ്ടു വരുമായിരുന്നു. എന്റെ അമ്മ വളരെ നന്നായി ഭക്ഷണം പാകം ചെയ്യും. വീട്ടിലുണ്ടാകുന്ന ചെറിയ വഴക്കുകൾ അവസാനിക്കുന്നതു പോലും അമ്മ ഉണ്ടാക്കി തരുന്ന സ്പെഷൽ വിഭവങ്ങൾ കഴിക്കുന്നതിലൂടെയായിരുന്നു. വഴക്കുകൾക്കു ശേഷം ഞങ്ങൾ എല്ലാവരും പരസ്പരം കെട്ടിപ്പിടിക്കും, പൊട്ടിച്ചിരിക്കും, സന്തോഷിക്കും.

എന്റെ ജീവിതത്തിൽ പ്രകാശം വീശിയതിനും ഒരുപാട് നന്മയും കലയും ഹൃദയത്തിൽ പതിപ്പിച്ചതിനും എന്നെ മുന്നോട്ടു നയിച്ചതിനും എന്റെ അച്ഛനോടും മറ്റു കുടുംബാംഗങ്ങളോടും നന്ദി പറയുകയാണ്. ഒരു സംരംഭം തുടങ്ങാനുള്ള എന്റെ അതിയായ ആഗ്രഹത്തിനൊപ്പം നിന്ന മാതാപിതാക്കളോടു ഞാൻ കടപ്പെട്ടിരിക്കുന്നു. ഇന്ന് ഞാൻ ഈ കുറിപ്പെഴുതുമ്പോൾ അച്ഛൻ ഞങ്ങൾക്കൊപ്പമില്ല. പക്ഷേ അച്ഛനൊപ്പം എനിക്കു ദശലക്ഷക്കണക്കിന് ഓർമകളുണ്ട്. അച്ഛനും അമ്മയും ഞങ്ങളെ നല്ല മനുഷ്യരാക്കി വളർത്തി. ഏറെ പ്രയാസപ്പെട്ട നിമിഷങ്ങളിലും ക്രൂരമായ സമൂഹമാധ്യമ ആക്രമണങ്ങളിലും ഇരുണ്ട കാലഘട്ടത്തിലും ഞങ്ങളെല്ലാവരും പരസ്പരം കൈകൾ മുറുകെ പിടിച്ചു നിന്നു. ഞങ്ങൾ എന്തിലാണ് വിശ്വസിക്കുന്നതെന്നും ഞങ്ങളുടെ ജീവിതത്തിന്റെ സത്യാവസ്ഥയും ഞങ്ങൾക്കറിയാമായിരുന്നു. ദൈവം ഒരിക്കലും കൈവിടില്ലെന്നും പൂർണ ബോധ്യമുണ്ട്.

ദൈവത്തിന് ഇഷ്ടമുള്ളവരെ ദൈവം നേരത്തേ വിളിക്കുന്നു. ഞങ്ങളുടെ ഗുരുവും ഉറ്റ സുഹൃത്തുമായ അച്ഛൻ മറ്റേതോ ലോകത്തിരുന്ന് ഞങ്ങളെ നിരീക്ഷിക്കുന്നുണ്ട്. മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹം ഞങ്ങളെ നയിക്കട്ടെ. ഇവിടെ ഞങ്ങൾക്കൊപ്പം നിന്നതുപോലെ അച്ഛൻ അവിടെയും ഞങ്ങളെ ചേർത്തു പിടിച്ചു നിൽക്കട്ടെ. ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നതിനും അനുശോചനങ്ങൾ അറിയിച്ചതിനും നിങ്ങളോടു നന്ദി പറയുകയാണ്. ആരോടും വ്യക്തിപരമായി സംസാരിക്കാൻ എനിക്കു സാധിച്ചില്ല. നിങ്ങളുടെ പ്രാർഥനയിൽ ‍ഞങ്ങളെക്കൂടി ഓർക്കുമല്ലോ. അച്ഛന്റെ നിത്യശാന്തിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു.

Advertisement