ഹിന്ദിയിലല്ല, തമിഴിൽ സംസാരിക്കണം’; പൊതുവേദിയിൽ ഭാര്യയോട് എ.ആർ.റഹ്മാൻ

Advertisement

പുരസ്കാരദാന ചടങ്ങിനിടെ വേദിയിൽ വച്ച് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ ഭാര്യ സൈറ ബാനുവിനോടു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മൈക്ക് കയ്യിൽ പിടിച്ച് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കാൻ തുടങ്ങിയ സൈറയോട് ‘ഹിന്ദിയിലല്ല, തമിഴിൽ സംസാരിക്കൂ’ എന്ന് തമാശ രൂപേണ റഹ്മാൻ പറയുകയായിരുന്നു.

ചെന്നൈയിൽ നടന്ന വികടൻ അവാർഡ് ഷോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു റഹ്മാനും സൈറ ബാനുവും. റഹ്മാനെ ആദരിച്ചതിനു പിന്നാലെയാണ് ഭാര്യയെ വേദിയിലേക്കു ക്ഷണിച്ചത്. അപ്പോഴാണ് തമിഴിൽ സംസാരിക്കണമെന്ന് റഹ്മാൻ ആവശ്യപ്പെട്ടത്. എന്നാൽ തനിക്ക് തമിഴിൽ ഒഴുക്കോടെ സംസാരിക്കാൻ അറിയില്ലെന്നായിരുന്നു സൈറയുടെ മറുപടി.

വേദിയിൽ ഇംഗ്ലിഷിലാണ് സൈറ സംസാരിച്ചത്. റഹ്‌മാന്റെ ശബ്ദത്തോടാണ് തനിക്ക് ജീവിതത്തിൽ ഏറ്റവുമിഷ്ടമെന്നും അതിൽ ഏറെ സന്തോഷിക്കുന്നുവെന്നും ആ ശബ്ദവുമായി താൻ പ്രണയത്തിലാണെന്നും സൈറ പറഞ്ഞു. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റഹ്മാനൊപ്പം ഭാര്യയെയും വേദിയിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. പൊതുവേദിയിൽ ഇരുവരും ഒന്നിച്ചെത്തുക അപൂർവമാണ്.

1995ലാണ് റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇരുവർക്കും. മൂവരും സംഗീതരംഗത്തു സാന്നിധ്യമറിയിച്ചുകഴിഞ്ഞു.

https://twitter.com/i/status/1650902991313010690
Advertisement