‘നന്ദിയുണ്ട്, കേരള സ്റ്റോറി പിആർ വർക്ക് നിങ്ങൾ തന്നെ ചെയ്യുന്നുണ്ട്’: പ്രതികരിച്ച് നായിക അദാ ശർമ്മ

Advertisement

മുംബൈ: ദ കേരള സ്റ്റോറി എന്ന ചിത്രം ഏറെ വിവാദമാണ് സൃഷ്ടിക്കുന്നത്. ചിത്രം കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ടയാണ് എന്നാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾ അരോപിക്കുന്നത്. പലയിടത്ത് നിന്നും ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും, നിരോധന ആവശ്യങ്ങളും ഉയർന്നു കഴിഞ്ഞു. ചിത്രത്തിൻറെ ട്രെയിലർ ചില ദിവസങ്ങൾക്ക് മുൻപ് ഇറങ്ങിയതോടെയാണ് വിവാദങ്ങൾ ഉയർന്നത്.

ഇതേ സമയം ചിത്രത്തിൻറെ ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് ചിത്രത്തിലെ നായികയായ അദാ ശർമ്മ പറയുന്നത്. തൻറെ യൂട്യൂബ് അക്കൌണ്ടിലാണ് നടി പ്രതികരണം നടത്തിയത്. ചിത്രം പ്രൊപ്പഗണ്ടയാണ് എന്ന വിമർശനത്തോടും നടി പ്രതികരിച്ചു.

വിവിധ ചോദ്യങ്ങളോട് പ്രതികരിച്ച് കഴിഞ്ഞ ദിവസമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദ കേരള സ്റ്റോറി ഒരു മതത്തിനും എതിരല്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വിൽക്കുകയും മയക്കുമരുന്ന് നൽകുകയും ബലമായി ഗർഭം ധരിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകൾക്കെതിരാണ് ഈ സിനിമ. എന്നാലും പലരും ഇതിനെ വ്യാജ പ്രചരണം എന്ന് പറയുന്നു. സിനിമ കണ്ടാൽ നിങ്ങളുടെ മനസ്സ് മാറിയേക്കാം എന്ന് ഞാൻ കരുതുന്നു എന്നാണ് വീഡിയോയ്ക്ക് നടി നൽകിയ ക്യാപ്ഷൻ.

വീഡിയോയിൽ നടി വിശദമായി തന്നെ പ്രതികരിക്കുന്നുണ്ട്. എല്ലാ മെസേജുകൾക്കും നന്ദി. ഇത്രയും വലിയ പിന്തുണ ഇതുവരെ കിട്ടിയിട്ടില്ല. ഞങ്ങൾ എല്ലാവരോടും സിനിമയ്ക്ക് വേണ്ടി പി.ആർ വർക്കുകളും പ്രചരണ പരിപാടികളും നടത്താൻ നിർദേശിച്ചിരുന്നു. നിങ്ങൾ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആർ ചെയ്യുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട്. ഇത് റിയലസ്റ്റിക് സിനിമയാണെന്ന് പലരും അഭിപ്രായപ്പെട്ടു കാണുന്നതിൽ സന്തോഷമുണ്ടെന്നും അദാ പറയുന്നു.

കേരളത്തിൽ നിന്നും ഏറെ സന്ദേശങ്ങൾ ലഭിച്ചു. ഇത്തരം ഒരു ചിത്രം എടുത്തതിൽ സന്തോഷം എന്നാണ് പലരും പറയുന്നത്. കേരളത്തിൽ നിന്നും എല്ലാവിധ പിന്തുണയും പലരും വാഗ്ദാനം ചെയ്യുന്നു. എന്നാൽ ചിലർക്ക് എതിർപ്പുമായി രംഗത്ത് എത്തിയിട്ടുണ്ടെന്നും അദാ പറയുന്നു. എന്നാൽ ഞങ്ങളുടെ സിനിമ ഒരു മതത്തിനും എതിരെയല്ല. പെൺകുട്ടികളെ മയക്കുമരുന്നു നൽകിയും മനസ്സുമാറ്റിയും ബലാത്സംഗം ചെയ്തും ഗർഭിണികളാക്കിയും മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കുകയാണ്. ഇത് തീവ്രവാദത്തിനെതിരായ സിനിമയാണ്.

അതേ സമയം തൻറെ കേരള ബന്ധവും അദാ ഈ വീഡിയോയിൽ പറയുന്നുണ്ട്. എന്റെ അമ്മയും മുത്തശ്ശിയും മലയാളികളാണ്. ഞങ്ങൾ പാലക്കാട് നിന്നാണ്. അച്ഛൻ തമിഴ്നാട്ടിൽ നിന്നാണ്. ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് സമയത്ത് ഞാൻ മുത്തശ്ശിയുമായി മലയാളത്തിൽ സംസാരിക്കുമായിരുന്നുവെന്നും അദാ പറയുന്നു.