‘ബൂമറാങ്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ജാതിവാലിന്റെ പേരില്‍ നടത്തിയ വിമര്‍ശനം സങ്കടമുണ്ടാക്കിയെന്ന് നടി സംയുക്ത. താന്‍ ഏറെ പുരോഗമനപരമായി എടുത്തൊരു തീരുമാനത്തെ മറ്റൊരു സാഹചര്യവുമായി കൂട്ടിയിണക്കി സംസാരിച്ചത് വലിയ സങ്കടമുണ്ടാക്കിയെന്ന് സംയുക്ത പറഞ്ഞു. ‘വിരുപക്ഷ’ എന്ന തെലുങ്ക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.
‘ഞാന്‍ വളരെ പുരോഗമനപരമായി എടുത്തൊരു തീരുമാനമാണ് എന്റെ പേരിനൊപ്പം ജാതിവാല്‍ വേണ്ടെന്നത്. ഒരു സ്ഥലത്ത് ഇത് പറഞ്ഞാല്‍ പെട്ടെന്ന് മാറുന്ന കാര്യമല്ല. മറ്റൊരിടത്ത് ചെല്ലുമ്പോള്‍ എന്നെ വീണ്ടും ജാതിവാല്‍ ചേര്‍ത്താണ് വിളിക്കുന്നത്. ഞാന്‍ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ പോയപ്പോള്‍ അവിടെയും എന്നെ ഇതുചേര്‍ത്ത് വിളിച്ചത് സത്യമായിട്ടും വളരെ അരോചകമായി തോന്നി. അങ്ങനെയാണ് ഞാനത് മാറ്റിയത്. അത് ചോദ്യം ചെയ്യപ്പെടുക എന്ന് പറയുന്നത് എനിക്ക് സങ്കടം ഉണ്ടാക്കിയ ഒരു കാര്യമാണ്. അന്ന് സംസാരിച്ച വിഷയം തന്നെ വേറെയായിരുന്നു, അതുമായി ഞാനെടുത്ത ഒരു പ്രോഗ്രസീവ് തീരുമാനത്തെ കൂട്ടിയിണക്കിയപ്പോള്‍ വളരെ സങ്കടം തോന്നി’, സംയുക്ത പറഞ്ഞു. സംയുക്ത ചിത്രത്തിന്റെ പ്രമോഷനെത്താതിരുന്നതിന്റെ പേരിലായിരുന്നു വിമര്‍ശനം. മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണം എന്നാണ് ഷൈന്‍ പറഞ്ഞത.