റിഹേഴ്സലിനിടയിൽ വിക്രത്തിന് ഗുരുതര പരുക്ക്; വാരിയെല്ലിന് ഒടിവ്

Advertisement

പാ. രഞ്ജിത് ചിത്രം ‘തങ്കലാൻ’ സിനിമയുടെ റീഹേഴ്സൽ ചിത്രീകരണത്തിനിടെ വിക്രത്തിന് പരുക്ക്. വാരിയെല്ലിനാണ് ഒടിവ് സംഭവിച്ചത്. സംവിധായകനൊപ്പം ആക്‌ഷൻ രംഗങ്ങൾ പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം.

ഒരു മാസത്തോളം താരത്തിന് സിനിമാ രംഗത്ത് നിന്നും ഇടവേള എടുക്കേണ്ടി വന്നേക്കും. ഇതോടെ തങ്കലാൻ ചിത്രീകരണവും താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിനകത്തും പുറത്തും സൂപ്പർ താരമായ വിക്രമിന്റെ അപകട വാർത്തയറിഞ്ഞ് ആരാധകർ ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ വിക്രമിന്റെ ഓഫിസിൽ നിന്നും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച്‌ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

‘‘പൊന്നിയൻ സെൽവൻ 2ലെ പ്രകടനത്തിന് ലോകമെമ്പാടുനിന്നും ചിയാൻ വിക്രമിന് ലഭിച്ച്‌ കൊണ്ടിരിക്കുന്ന നിറഞ്ഞ സ്‌നേഹത്തിനും അഭിനന്ദനങ്ങൾക്കും എല്ലാവർക്കും നന്ദി പറയുന്നു. ഷൂട്ടിങ് റിഹേഴ്‌സലിനിടെ ചിയാന് പരുക്ക് പറ്റുകയും അദ്ദേഹത്തിന്റെ വാരിയെല്ല് പൊട്ടുകയും ചെയ്ത സാഹചര്യത്തിൽ തങ്കലാൻ ടീമിനൊപ്പം കുറച്ച്‌ നാളത്തേക്ക് അദ്ദേഹത്തിന് ചേരാൻ സാധിക്കില്ല.

അദ്ദേഹം എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി അറിയിക്കുന്നു. എത്രയും വേഗത്തിൽ തന്നെ കൂടുതൽ ഊർജത്തോടെ തിരിച്ച്‌ വരുമെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു.’’–വിക്രമിന്റെ മാനേജർ ആയ യുവരാജ് ട്വിറ്ററിൽ പങ്കുവച്ച പ്രസ്താവനയിൽ പറയുന്നു.

തങ്കലാൻ എന്ന സിനിമയ്ക്കായി തടി കുറച്ച് ബോഡി ‍ട്രാൻസ്ഫോർമേഷൻ നടത്തിയിരുന്നു സൂപ്പർതാരം. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.