മുൻകാമുകന്മാർ മികച്ചവർ; സഹനടന്മാരുമായി പലപ്പോഴും ഡേറ്റിങ്: തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

Advertisement

മുൻപ്രണയങ്ങളെ കുറിച്ചു മനസ്സു തുറന്ന് പ്രിയങ്ക ചോപ്ര. നിക് ജോനാസിനു മുൻപ് തനിക്കു കാമുകൻമാരുണ്ടായിട്ടുണ്ടെന്നും അവരെല്ലാം മികച്ചവരായിരുന്നു എന്നും താരം പറഞ്ഞു. കാമുകൻമാരെല്ലാം ഗംഭീര വ്യക്തിത്വത്തിന് ഉടമകളായിരുന്നു എന്നും പ്രിയങ്ക വ്യക്തമാക്കി. അലക്സ് കൂപ്പറിന്റെ പോഡ്കാസ്റ്റ് ഷോയിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

‘ബന്ധങ്ങളിൽ നിന്ന് ബന്ധങ്ങളിലേക്ക് ഞാൻ യാത്ര ചെയ്തു. സഹനടന്മാരോടൊപ്പം പലപ്പോഴും ഡേറ്റിങ് നടത്തിയിരുന്നു. ഇതിനിടയിൽ എനിക്കായി ഞാൻ സമയം കണ്ടെത്തിയിരുന്നില്ല. അങ്ങനെയാണ് ബന്ധങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് എനിക്കു മനസ്സിലായത്. പിന്നീട് ജീവിതത്തിലേക്കു കടന്നു വന്നവരെയെല്ലാം എന്റെ ആശയങ്ങൾക്കുള്ളിൽ നിർത്താൻ ഞാൻ ശ്രമിച്ചു. ഞാൻ ഡേറ്റ് ചെയ്തവരെല്ലാം മികച്ച വ്യക്തിത്വത്തിന് ഉടമകളായിരുന്നു. പരസ്പരമുള്ള ബന്ധം മോശമായതിനാലാകാം അതെല്ലാം അവസാനിച്ചത്. ജീവിതത്തിൽ ഇതുവരെയുണ്ടായ കാമുകന്മാരോടെല്ലാം എനിക്കു സ്നേഹമാണ്. ആ പ്രണയകാലങ്ങൾ മനോഹരമായിരുന്നു.’– പ്രിയങ്ക പറഞ്ഞു.

ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂർ,ഹർമാൻ ബാവ്ജെ എന്നിവരുമായി പ്രിയങ്ക ഡേറ്റിങ്ങിലാണെന്ന വാർത്തകൾ മുൻകാലങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിൽ ഹർമാനും പ്രിയങ്കയും വിവാഹിതരാകുന്നു എന്നുവരെ വാർത്തകൾ എത്തി. പക്ഷേ, ഇക്കാര്യങ്ങളിലൊന്നും പ്രിയങ്ക ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നില്ല. 2018ലായിരുന്നു ഗായകനായ നിക്ജോനാസുമായി പ്രിയങ്കയുടെ വിവാഹം. അടുത്തിടെ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു.