ഇതെന്റെ മകൾ കൽക്കി: കുഞ്ഞിനെ ദത്തെടുത്ത് നടി അഭിരാമി

Advertisement

മാതൃദിനത്തിൽ ജീവിതത്തിലെ വലിയ സന്തോഷ വാർത്ത പങ്കുവച്ച് നടി അഭിരാമി. ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് അമ്മയും അച്ഛനും ആയിരിക്കുന്നു എന്ന വാർത്തയുമായാണ് അഭിരാമി ഇത്തവണ മാതൃദിന ആശംസ കുറിച്ചത്.

താനും ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വർഷമായെന്നും എല്ലാവരുടെയും പ്രാർഥനകളും അനുഗ്രങ്ങളും തങ്ങൾക്കുണ്ടാകണമെന്നും അഭിരാമി പറയുന്നു.

‘‘പ്രിയ സുഹൃത്തുക്കളെ, എല്ലാ അമ്മമാർക്കും എന്റെ മാതൃദിന ആശംസകൾ. ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ ഞങ്ങളുടെ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ്. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെയെല്ലാം അനുഗ്രഹാശിസുകൾ ഞങ്ങൾക്കും കുടുംബത്തിനും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.’’– അഭിരാമി കുറിച്ചു.

ഹെൽത്ത് കെയർ ബിസിനസ്സ് കൺസൾട്ടന്റായ രാഹുൽ പവനൻ ആണ് അഭിരാമിയുടെ ഭർത്താവ്. 2009 ൽ വിവാഹിതരായ അഭിരാമിക്കും ഭർത്താവ് രാഹുലിനും കുട്ടികളില്ല. ഇപ്പോൾ അഭിരാമി ഒരു കുഞ്ഞിനെ ദത്തെടുത്തു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. അഭിരാമിക്ക് മാതൃദിന ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധ, ഞങ്ങൾ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാർസ് എന്നീ സിനിമകളിൽ നായികയായി എത്തിയ താരം പിന്നീട് തമിഴിൽ സജീവമാകുകയായിരുന്നു. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് അഭിരാമി.