മുംബൈ: ദ കേരള സ്റ്റോറി സംവിധായകനും നടിയും വാഹനാപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്.
സംവിധായകൻ സുദീപ്തോ സെൻ, നടി ആദാ ശർമ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കരിംനഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും പുറപ്പെട്ടത്.
അപകടത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചു. ഇന്ന് കരിംനഗറിൽ യുവജനസംഗമത്തിൽ പങ്കെടുക്കാൻ പോകുന്നത് ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു. നിർഭാഗ്യവശാൽ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെൺമക്കളെ രക്ഷിക്കാനാണ് ഞങ്ങൾ സിനിമ ചെയ്തത് സുദീപ്തോ സെൻ ട്വീറ്റ് ചെയ്തു.
മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. ഒൻപത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചുവെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു. ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം, രണ്ടാം ആഴ്ചയിൽ വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടിയും നേടി. ഇന്ത്യൻ ബോക്സ് ഓഫീസ് കണക്കാണിത്. ആകെമൊത്തം 112.99 കോടിയാണ് ദി കേരള സ്റ്റോറി സ്വന്തമാക്കിയിരിക്കുന്നത്. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയത്.
കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകൾ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമർഥിക്കുന്ന ചിത്രത്തിനെതിരെ കേരളത്തിൽ നിന്നും പ്രതിഷേധം ഉയർന്നു. ഇതിനിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു.