‘2018’ സിനിമയ്ക്കെതിരെ ചില കോണുകളിൽ നിന്നും ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. മലയാളി ഈ നൂറ്റാണ്ടിൽ അനുഭവിച്ച പ്രളയഭീകരതയെ വെറുതെ ഒരു ഡോക്യുമെന്ററിയാക്കി ചുരുക്കാതെ മനുഷ്യജീവിതത്തിലെ മനോഹരങ്ങളായ മുഹൂർത്തങ്ങളിലൂടെ കൃത്യമായി അവതരിപ്പിച്ച ജൂഡ് ആന്റണി അഭിനന്ദനമർഹിക്കുന്നുവെന്ന് ജോയ് മാത്യു പറയുന്നു.
‘‘2018 -ജീവിത യാഥാർഥ്യങ്ങളുമായി കോർത്തിണക്കുമ്പോഴേ സിനിമയും സാഹിത്യവുമൊക്കെ ആസ്വാദ്യകരമാവൂ; മഹത്തായ സൃഷ്ടിയാകൂ. മലയാളി ഈ നൂറ്റാണ്ടിൽ അനുഭവിച്ച പ്രളയഭീകരതയെ വെറുതെ ഒരു ഡോക്യുമെന്ററിയാക്കി ചുരുക്കാതെ മനുഷ്യജീവിതത്തിലെ മനോഹരങ്ങളായ മുഹൂർത്തങ്ങളിലൂടെ വളർന്ന് ഒടുക്കം മഴയും മരണവുമായുള്ള മൽപിടുത്തങ്ങളിലേക്കെത്തിച്ച സിനിമയുടെ സംവിധാന സാഹസികതയുടെ നേട്ടം അമരക്കാരനായ ജൂഡ് ആന്റണിക്ക് മാത്രം അവകാശപ്പെട്ടതാണ്.
ഇത്തരമൊരു ചലച്ചിത്രേതിഹാസത്തിനു പൂർണ പിന്തുണ നൽകിയ നിർമാതാക്കളായ വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, പത്മകുമാർ എന്നിവരും ആദരമർഹിക്കുന്നു. അന്യഭാഷാ അമർ ചിത്രകഥകൾ കണ്ട് രോമാഞ്ചമണിയേണ്ടിവന്ന നമുക്ക് ഇതാ ഇപ്പോൾ സാങ്കേതിക മേന്മയിൽ മുൻപനായിത്തന്നെ മലയാളിയെയും അവന്റെ ജീവിതത്തെയും ലോകസിനിമയിൽ അടയാളപ്പെടുത്തിയ മഹാകാവ്യമാണ് 2018.
എന്നാൽ ചില പാർട്ടി മാധ്യമ പ്രവർത്തകർ (പാ മാ പ്രാകൾ ) മുഖ്യനെ പുകഴ്ത്തിയില്ല, അതിനാൽ ഈ സിനിമ നന്നല്ല എന്നെല്ലാം പ്രചരിപ്പിക്കുന്നത് കണ്ടു. സത്യത്തിൽ സംവിധായകൻ ജൂഡിനോട് പാ മാ പ്രകൾ നന്ദിയുള്ളവരായിരിക്കുകയാണ് വേണ്ടത്. എല്ലാം തുറന്നുകാണിച്ചില്ല എന്നതിനു മാത്രമല്ല പേമാരിക്കു പിന്നാലെ കൊടിയ ദുരന്തത്തിന് കാരണഭൂതമാകിയ ബുദ്ധിഹീനമായ ഡാം മാനേജ്മെന്റും ഒരു ജനതയെ തകർത്തെറിഞ്ഞ പ്രളയത്തിൽ നിന്നും കരകയറാൻ എല്ലാത്തരത്തിലുള്ള ഹൃദയാലുക്കളും നുള്ളിപ്പെറുക്കി സ്വരുക്കൂട്ടി നൽകിയ പ്രളയഫണ്ട് ഒരു മനസ്സാക്ഷിയുമില്ലാതെ അടിച്ചുമാറ്റിയ സാമൂഹ്യ വിരുദ്ധരെയും തുറന്ന് കാണിച്ചില്ല എന്നതിനാണ് പാ മാ പ്രകൾ ജൂഡിനോട് നന്ദി കാണിക്കേണ്ടത്. ഈ ഇതിഹാസ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ അത്യാഹ്ലാദത്തിലാണ് ഞാൻ.
അപകട മുന്നറിയിപ്പ് (പാ മാ പ്രകൾക്ക് മാത്രം ) ‘2018-പൊട്ടിച്ചതും വെട്ടിച്ചതും’ എന്ന പേരിൽ ഒരു രണ്ടാംഭാഗം ഉടൻ വരുന്നുണ്ടത്രേ)’’–ജോയ് മാത്യു പറഞ്ഞു.