പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു

Advertisement

ഹൈദരാബാദ്∙ പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടർന്ന് എഐജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി 200ൽ അധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രിൽ 20നാണ് ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1973ൽ സിനിമയിലെത്തിയ അദ്ദേഹം തെലുങ്കിനു പുറമേ മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ശബരിമലയിൽ തങ്ക സൂര്യോദയം, കന്യാകുമാരിയിൽ ഒരു കവിത, പൂനിലാമഴ, പ്രശ്ന പരിഹാര ശാല തുടങ്ങിയവയാണ് ശരത് ബാബു അഭിനയിച്ച മറ്റ് മലയാള ചിത്രങ്ങൾ.

രജനികാന്തിനൊപ്പം മുത്തു, അണ്ണാമലൈ, വേലൈക്കാരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചത് ശരത് ബാബുവിന് തമിഴിലും ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു.

Advertisement