യുവ നടൻ മോശമായി പെരുമാറിയെന്ന് വാർത്ത, പ്രതികരിച്ച് നടി ഹൻസിക

Advertisement

തെലുങ്കിലെ യുവ താരത്തിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് നടി ഹൻസിക മൊട്‍വാനി വെളിപ്പെടുത്തിയതായി പല മാധ്യമങ്ങളിലും വാർത്തകളിൽ വന്നിരുന്നു. കാസ്റ്റിംഗ് കൗച്ച് തനിക്ക് നേരിടേണ്ടി വന്നെന്ന് വ്യക്തമാക്കിയെങ്കിലും നടി ആ നടൻ ആരെന്ന് വെളിപ്പെടുത്തിയില്ലെന്നും ആയിരുന്നു വാർത്തകൾ. ഇക്കാര്യത്തിൽ പ്രതികരണമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. അത്തരത്തിൽ ഒരിക്കലും താൻ എവിടെയും പറഞ്ഞിട്ടില്ല എന്ന് ഹൻസിക വ്യക്തമാക്കി.

ഇങ്ങനെ ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ദയവായി ഇത്തരം വാർത്തകൾ പ്രസിദ്ധികരിക്കാതിരിക്കൂവെന്നുമാണ് താരം ട്വിറ്ററിൽ പറഞ്ഞിരിക്കുന്നത്. ഹൻസിക മൊട്‍വാനിയുടെ വിവാഹം കഴിഞ്ഞ വർഷം അവസാനമായിരുന്നു കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈൽ കതൂരിയാണ് ഹൻസികയുടെ വരൻ.

നടി ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയിൽ സ്‍ട്രീമിംഗ് ചെയ്‍തിരുന്നു. ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിൽ ‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരിൽ ഒരു ഷോയാണ് വിവാഹ വീഡിയോ സ്‍ട്രീം ചെയ്‍തത്. ജയ്‍പൂരിലെ മുണ്ടോട്ട കോട്ടയിൽ വെച്ചായിരുന്നു വിവാഹ ആഘോഷം നടന്നത്. ഹൻസിക മൊട്‍വാനി തന്റെ വിവാഹ വിശേഷങ്ങൾക്ക് അപ്പുറത്തെ കാര്യങ്ങളും ‘ഹൻസികാസ് ലവ് ശാദി ഡ്രാമ’യിൽ വെളിപ്പെടുത്തിയിരുന്നു.

ഹൻസിക മൊട്‍വാനിയുടെ ഭർത്താവ് സുഹൈലിന്റെ ആദ്യ പങ്കാളിയുമായുള്ള വേർപിരിയിലിനു കാരണമായി എന്ന വാർത്ത നിഷേധിച്ചിരുന്നു താരം. സുഹൈൽ മുമ്പ് ഹൻസികയുടെ ഉറ്റസുഹൃത്ത് റിങ്കിയെ വിവാഹം കഴിച്ചിരുന്നുവെന്നും താരം അവരുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഞൻ നേരത്തെ വിവാഹിതനാണെന്ന വാർത്ത തെറ്റായ രീതിയിലാണ് പുറത്തുവന്നത് എന്നായിരുന്നു ഷോയിൽ സുഹൈലിന്റെ പ്രതികരണം. ഹൻസികയാണ് ഞങ്ങളുടെ വേർപിരിയലിന് കാരണമെന്നായിരുന്നു വാർത്ത. ഇത് അടിസ്ഥാനരഹിതമാണ്, ആ സമയത്ത് തനിക്ക് അദ്ദേഹത്തെ അറിയാമെന്നതുകൊണ്ട് വേർപിരിയലിനു കാരണം താനാകുന്നില്ലെന്ന് ഹൻസികയും പ്രതികരിച്ചു. എനിക്ക് അതിൽ ഒന്നും ചെയ്യാനില്ല. ഞാൻ ഒരു പബ്ലിക് ഫിഗർ ആയതിനാൽ വില്ലത്തിയായി എന്നെ ചൂണ്ടിക്കാണിക്കാൻ എളുപ്പമാണ് എന്നും സെലിബ്രറ്റിയായതിന് ഞാൻ കൊടുക്കേണ്ടിവന്ന വിലയാണ് അതെന്നും ഹൻസിക പറഞ്ഞു.