വേർപിരിഞ്ഞെന്ന് വാർത്ത; മഹാലക്ഷ്മിക്ക് ‘താക്കീതു’മായി രവീന്ദർ

Advertisement

വിവാഹശേഷം ഏറ്റവുമധികം സൈബർ ആക്രമണം നേരിട്ട ദമ്പതികളാണ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും. രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് സമ്മതിച്ചതെന്നതായിരുന്നു പ്രധാന ആരോപണം. മാത്രമല്ല രവീന്ദറിനെതിെര വ്യാപകമായ ബോഡി ഷെയ്മിങും നടന്നു. പക്ഷേ പ്രതിസന്ധികളെയെല്ലാം ഒരു പുഞ്ചിരിയോടെ അവർ കാറ്റിൽപ്പറത്തി. ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞുവെന്ന കുപ്രചരണത്തിലും വിമർശകർക്ക് രസകരമായ മറുപടിയുമായി എത്തുകയാണ് ഈ ദമ്പതികൾ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാലക്ഷ്മിയുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് വിവാഹമോചന വാർത്തകൾക്കു തുടക്കമിട്ടത്. മഹലാക്ഷ്മി ഒറ്റയ്ക്കുള്ള ചിത്രങ്ങളാണ് ഈയിടയെയായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നത്. പല പല ബ്രാൻഡ് പ്രമോഷനുകളുടെ ഭാഗമായി മഹാലക്ഷ്മി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും രവീന്ദറിനെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരും പിരിഞ്ഞെന്ന കിംവദന്തികൾ പൊട്ടിപുറപ്പെട്ടു.

എന്തായാലും ഡിവോഴ്സ് പ്രചരണങ്ങൾക്ക് രവീന്ദർ തന്നെ മറുപടിയുമായി രംഗത്തെത്തി. ‘‘ഡേയ് ‘പുരുഷാ’. ഒറ്റയ്ക്കുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ ഇടരുത് എന്ന് നിന്നോട് ഞാൻ എത്രവട്ടം പറഞ്ഞു? നമ്മൾ പിരിഞ്ഞു എന്ന് സകല സോഷ്യൽ മീഡിയയും പറയുന്നു. മനൈവീ, ഇനി നീ തെറ്റാവർത്തിച്ചാൽ, എന്നന്നേയ്ക്കുമായി നിനക്ക് ദിവസം മൂന്നു നേരവും എന്റെ പ്രിയപ്പെട്ട സേമിയ ഉപ്പുമാവ് കിട്ടും.’’ എന്ന് രവീന്ദറിന്റെ സ്നേഹം നിറഞ്ഞ താക്കീത്. യൂട്യൂബ് പരദൂഷണക്കാരോട് ഇതിന് ഒരു അന്ത്യമില്ലേ എന്നും രവീന്ദർ ചോദിക്കുന്നു. ‘‘ഞങ്ങൾ സന്തോഷത്തോടെയിരിക്കുന്നു, സർവോപരി ഞങ്ങൾക്ക് പ്രിയപ്പെട്ടവരെയും സന്തോഷിപ്പിക്കുന്നു.’’ എന്നും രവീന്ദർ കുറിച്ചു.

ഇതെല്ലാം ഓക്കെ, സേമിയ ഉപ്പുമാവിന് എന്താണ് ഒരു കുറവെന്നായിരുന്നു രവീന്ദറിന്റെ പോസ്റ്റിനു മറുപടിയായി മഹാലക്ഷ്മി കുറിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ മഹാലക്ഷ്മിക്ക് ഒരു മകനുണ്ട്. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷൻറെ ഉടമസ്ഥനാണ് രവീന്ദർ. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ.

ടെലിവിഷൻ പരിപാടികളുടെ അവതാരകയായി ശ്രദ്ധനേടിയ മഹാലക്ഷമി പിന്നീട് സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. വിജെ മഹാലക്ഷ്മി എന്നാണ് ഇവർ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. യാമിരുക്ക ഭയമേൻ, അരസി, ചെല്ലമേ, വാണി റാണി,അൻപേ വാ തുടങ്ങിയ സീരിയലുകളിലെ പ്രകടനത്തിലൂടെ തമിഴ് സീരിയൽ ലോകത്ത് നിരവധി ആരാധകരാണ് താരത്തിനുള്ളത്.