വെറുതെ ഇരിക്കുക എന്നത് സ്നേഹ ശ്രീകുമാറിന് ഒരിക്കലും ആലോചിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഗർഭിണി ആയപ്പോഴും അതിൽ മാറ്റമൊന്നും ഉണ്ടായില്ല.
രണ്ടു സീരിയലുകളിൽ പ്രധാന വേഷങ്ങൾ, മറിമായം ടീമിനൊപ്പം സ്റ്റേജ് ഷോകൾ, വ്ലോഗിങ്, നൃത്തം, യാത്രകൾ… അങ്ങനെ ഈ ഒമ്പതു മാസക്കാലം ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്താണ് സ്നേഹ തന്റെ ഗർഭകാലം മനോഹരമാക്കിയത്. വിവാഹിതയായാൽ അഭിനയം തന്നെ ഉപേക്ഷിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് കുഞ്ഞുണ്ടാകുന്നതും പ്രസവിക്കുന്നതുമെല്ലാം സ്വാഭാവിക സംഭവമായി അംഗീകരിക്കപ്പെടുന്ന ചുറ്റുപാടിലേക്കാണ് സ്നേഹ ശ്രീകുമാർ എന്ന അഭിനേത്രി ചുവടുറപ്പിക്കുന്നത്. ഗർഭിണി ആയതുകൊണ്ട് അഭിനയത്തിൽ നിന്നു സ്നേഹ മാറി നിൽക്കുകയോ സ്നേഹയെ മാറ്റി നിർത്തുകയോ ചെയ്തില്ല. മറിച്ച്, സ്നേഹയ്ക്കു വേണ്ടി അവരുടെ കഥാപാത്രങ്ങൾ മാറ്റി എഴുതപ്പെട്ടു. മാറ്റി നിർത്തലല്ല, ചേർത്തു പിടിക്കലിന്റെ അതിമനോഹര നിമിഷങ്ങൾ നിറഞ്ഞ ഒമ്പതു മാസങ്ങളാണ് കടന്നു പോയതെന്ന് സ്നേഹ ശ്രീകുമാർ പറയും. പ്രിയപ്പെട്ടവരുടെ ഈ കരുതൽ പലപ്പോഴും തന്നെ ഇമോഷണലാക്കിയെന്നു തുറന്നു പറയുകയാണ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരം സ്നേഹ ശ്രീകുമാർ.
ഡേറ്റ് അടുത്തതുകൊണ്ടു മാത്രം സീരിയലുകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്. ഒരു സീരിയലിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം ഗർഭിണിയായി. മറിമായത്തിൽ പിന്നെ ഓരോ എപ്പിസോഡും ഓരോ കഥകൾ ആയതിനാൽ അങ്ങനെ ഒരു സൗകര്യമുണ്ട്. ഈ കാലയളവിൽ ഞാൻ കൂടുതലും ചെയ്തത് അമ്മ വേഷങ്ങളായിരുന്നു. അപ്പോൾ പിന്നെ, കുറച്ചു വയറുണ്ടെങ്കിലും അൽപം തടിച്ചിരുന്നാലും കുഴപ്പമില്ലല്ലോ. ഫുട്ബോളിന്റെ എപ്പിസോഡിലാണ് ഞാൻ ഗർഭിണിയായി അഭിനയിച്ചത്. അതിന്റെ ഫോട്ടോ വൈറലായി. അതിൽ ഒമ്പതു മാസമായ ഗർഭിണിയെ അവതരിപ്പിച്ചപ്പോൾ വയറൊക്കെ കെട്ടിവച്ചാണ് അഭിനയിച്ചത്. മെസിക്കോയുടെ ഭാര്യയുടെ വേഷം. അപ്പോൾ എനിക്ക് ഒമ്പതു മാസം ആയിട്ടില്ല. അതു പുറത്തു വന്നപ്പോഴാണ് പലരും എന്റെ ‘വിശേഷം’ അറിഞ്ഞത്. ഞാൻ ചെയ്യുന്ന രണ്ട് സീരിയലുകളിലും സ്പോട്ട് ഡബിങ്ങാണ്. മറിമായത്തിന്റെ ലാസ്റ്റ് ഷെഡ്യൂളിൽ ഞാൻ അൽപം ദേഷ്യപ്പെട്ടുള്ള സീൻ ചെയ്യുന്നതു കണ്ടിട്ട്, അസോസിയേറ്റ് രഞ്ജിത്തേട്ടൻ വിളിച്ചു ചോദിച്ചു, സ്നേഹേ നീ പ്രസവിച്ചോ, എന്ന്. കാരണം അത്രയും പ്രഷർ കൊടുത്താണ് ഡയലോഗ് പറയുന്നത്. ഞാൻ അഭിനയിക്കുമ്പോൾ എനിക്കല്ല, അവർക്കാണ് ടെൻഷൻ.
വീട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരും കരുതലോടെ എന്നെ ശ്രദ്ധിക്കുന്നതു പോലെ വീട്ടിൽ അവരെക്കാളും എന്നെ ശ്രദ്ധിക്കുന്ന ഒരാളുണ്ട്. ഞങ്ങളുടെ വളർത്തുനായ ഓസ്കർ. എനിക്ക് വിശേഷമായത് ആരും പറയാതെ തന്നെ അവൻ തിരിച്ചറിഞ്ഞു. സാധാരണ ഞാൻ യാത്രകഴിഞ്ഞ് വരുമ്പോൾ അവൻ ഓടി ദേഹത്ത് കയറും. വീട്ടിൽ വന്നാൽ ഞാൻ അവനെ എടുക്കണമെന്നത് വലിയ നിർബന്ധമാണ്. പക്ഷേ, അതൊക്കെ അവൻ തന്നെ നിർത്തി. പിന്നീടാണ് എനിക്ക് മനസിലായത് ഞാൻ ഗർഭിണി ആണെന്ന് മനസിലായിട്ടാണ് അവൻ അതെല്ലാം നിർത്തിയതെന്ന്! ഗർഭിണി ആയെന്ന് തിരിച്ചറിഞ്ഞതിന് അടുത്ത ദിവസം എനിക്കൊരു ദുബായ് യാത്ര ഉണ്ടായിരുന്നു. അതു കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോൾ അവൻ സാധാരണ പോലെ ഓടി ദേഹത്തു കയറിയില്ല. പതിയെ അടുത്തു വന്നിരുന്നു. പിന്നെ, അവന്റെ നെറ്റി വയറിൽ വച്ച് നോക്കി. ഇപ്പോൾ എന്റെ അടുത്തു നിന്ന് മാറില്ല. വാഷ്റൂമിൽ കയറിയിട്ട് താമസിച്ചാൽ ആകെ ബഹളമാണ്. ആദ്യമൊന്നും എനിക്ക് മനസിലായില്ല. വാഷ്റൂമിന്റെ കതകിൽ തട്ടുന്നത് കേട്ടു തുറന്നു നോക്കിയപ്പോൾ ഓസ്കർ പുറത്ത് ഇരിക്കുകയാണ്. കതകു തുറക്കാൻ നേരം വൈകുമ്പോൾ അവാനണ് ഭയങ്കര ടെൻഷൻ. ഇടയ്ക്ക് അമ്മ പറയും, ഡെലിവറിക്ക് ആശുപത്രിയിൽ പോകുമ്പോൾ ഇവനെയും കൊണ്ടു പോകേണ്ടി വരുമല്ലോ എന്ന്!
ഷൂട്ടിങ് സ്ഥലത്താണെങ്കിലും പ്രോഗ്രാം സ്ഥലത്താണെങ്കിലും മറിമായം ടീമിന്റെ കരുതൽ ആവോളം ഞാൻ അനുഭവിച്ചിട്ടുണ്ട്. നിയാസിക്ക, മണിയേട്ടൻ, സലീമിക്ക… അങ്ങനെ എല്ലാവരും പ്രത്യേകം എന്നെ ശ്രദ്ധിക്കും. യാത്രയിൽ എന്റെ ഭക്ഷണം, വാഹനം, ലഗേജ് എല്ലാം അവരുടെ ഉത്തരവാദിത്വമായിരുന്നു. ഏറ്റവും അവസാനം ദുബായ് ട്രിപ് കഴിഞ്ഞ് എയർപോർട്ടിൽ വന്നപ്പോൾ എനിക്ക് വിശന്നു. അവിടെ, ബർഗർ, പിസ പോലുള്ള സാധനങ്ങൾ അല്ലേ കിട്ടൂ. എനിക്കാണെങ്കിൽ അപ്പോൾ ഊത്തപ്പം കഴിക്കാൻ കൊതി. ബർഗറൊന്നും വേണ്ട, ഊത്തപ്പം മതിയെന്നു പറഞ്ഞപ്പോൾ മണിയേട്ടൻ എന്നെയും കൊണ്ട് എയർപോർട്ടിൽ ഊത്തപ്പം തപ്പി നടന്നു. ഒടുവിൽ ഞങ്ങൾക്ക് ഊത്തപ്പം കിട്ടി. ഇപ്പോൾ ഷൂട്ടിൽ നിന്ന് ചെറിയൊരു ഇടവേള എടുത്ത് ഇരിക്കുകയാണെങ്കിലും മിക്കവാറും ദിവസങ്ങളിൽ രണ്ടു സീരിയലുകളിൽ നിന്നും സഹപ്രവർത്തകർ വിളിക്കും. ചിലപ്പോൾ അവർ കളിയായി പറയും, സ്നേഹേ… നീ ഇപ്പോഴൊന്നും പ്രസവിക്കണ്ട എന്ന്. കാരണം, എന്നെ കാണാൻ വരുന്നവർ കൊണ്ടു വരുന്ന സ്വീറ്റ്സ് ഒക്കെ ഞാൻ രണ്ടു സെറ്റിലും ഉള്ളവർക്കാണ് കൊടുക്കാറുള്ളത്. പ്രസവിച്ചു കഴിഞ്ഞാൽ ഇതു നിൽക്കുമല്ലോ.
വീട്ടിൽ ദോശ കഴിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് കുഞ്ഞിന്റെ ആദ്യ അനക്കം ഞാൻ അനുഭവിക്കുന്നത്. അതിനു ശേഷം കുറെ ദിവസം അങ്ങനെയൊന്നും ഫീൽ ചെയ്തില്ല. പിന്നെ, മറിമായം ടീമിന്റെ സ്റ്റേജ് ഷോ നടക്കുന്ന സമയം. ദുബായിലാണ് ഷോ. ഗാനമേള കഴിഞ്ഞാണ് സ്കിറ്റിനു കേറേണ്ടത്. പാട്ടു നടക്കുമ്പോൾ കുഞ്ഞ് വയറിൽ കിടന്ന് ഭയങ്കര അനക്കമായിരുന്നു. ഞാൻ വിനോദേട്ടന്റെ അടുത്തും മണിയേട്ടന്റെ അടുത്തുമൊക്കെ വിളിച്ച് ആ അനക്കം കാട്ടി കൊടുത്തു. എല്ലാവരും അത് ആസ്വദിച്ചു. പിന്നെ, ഇടയ്ക്ക് അവർ ചോദിക്കും, വാവ ഇപ്പോൾ അനങ്ങുന്നുണ്ടോ എന്ന്. ‘വൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ’ ലൊക്കേഷനിൽ വീണയും സൂഫിയും സാറാമ്മയും കുഞ്ഞിനോട് വർത്തമാനം പറഞ്ഞുകൊണ്ടിരിക്കും. പുറത്തു വരുമ്പോൾ കുട്ടി അവരെ തിരിച്ചറിയാനാണെന്ന് പറയും. അങ്ങനെ ഒരുപാട് നല്ല അനുഭവങ്ങൾ.
ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ചേച്ചി ഗർഭിണി ആകുന്നത്. ഞാനും ചേച്ചിയും ആറു വയസിന്റെ വ്യത്യാസമുണ്ട്. അതുവരെ ഞാനാണല്ലോ വീട്ടിൽ ചെറുത്. ചേച്ചിക്ക് കുഞ്ഞുണ്ടായപ്പോൾ ഇപ്പോൾ ഓസ്കറിന് കുശുമ്പുണ്ടോന്ന് ചോദിക്കുന്നതുപോലെ എനിക്ക് എവിടെയോ ചെറിയ കുശുമ്പുണ്ടായിരുന്നു. അതുകൊണ്ട്, ഞാൻ അന്നൊന്നും ആ കാര്യങ്ങൾ അത്ര ശ്രദ്ധിച്ചിരുന്നില്ല. കാലടി യൂണിവേഴ്സിറ്റിയിൽ എം.എ തിയറ്റർ ചെയ്തുകൊണ്ടിരുന്ന സമയത്ത് ഹോസ്റ്റലിൽ ഗർഭിണികൾ ഉണ്ടാവാറുണ്ട്. അവർ സന്ധ്യ കഴിഞ്ഞാൽ പുറത്തേക്ക് ഒന്നും ഇറങ്ങില്ല. അങ്ങനെ ഒക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ ഗർഭിണികളെ എനിക്ക് അങ്ങനെ അടുത്ത് കണ്ട് പരിചയമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോൾ ഇനിയൊരു ഗർഭിണിയെ കാണുമ്പോൾ ഞാൻ മുമ്പ് കണ്ട പോലെയാകില്ല. വളരെ നന്നായിട്ട് ട്രീറ്റ് ചെയ്യും. അത് ഉറപ്പാണ്.
എന്നെ ഒരു പെങ്ങളയോ, കുഞ്ഞിനെയോ നോക്കുന്നതുപോലെയാണ് ‘മറിമായം’ ടീം നോക്കുന്നത്. ഷൂട്ടിങ്ങിനിടയിൽ കൃത്യമായി എന്റെ കയ്യിൽ വെള്ളം വരും. ചെറിയ ഫാൻ വരും. കൃത്യനേരങ്ങളിൽ ഭക്ഷണം കഴിക്കാൻ ഓർമിപ്പിക്കും. അവരുടെ വീട്ടിലെ ഒരാളെ പോലെയാണ് എന്നെ നോക്കുന്നത്. അതൊരു ഭാഗ്യമാണ്. ‘വൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ’ സെറ്റിൽ വീണയുണ്ട്. അമ്മ അല്ലെങ്കിൽ അമ്മായി ഒക്കെ നോക്കുന്ന പോലെയാണ് അവൾ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. ഞാൻ കൊണ്ടു വന്നില്ലെങ്കിലും അവൾ കൃത്യമായി മാതളമൊക്കെ വാങ്ങി കൊണ്ടു വന്ന് എനിക്ക് കഴിക്കാൻ തരും. അതുപോലെയാണ് എല്ലാവരും. ‘വൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ’ സെറ്റിൽ നിന്ന് പോരുമ്പോൾ ഒൻപതാം മാസത്തിലെ ചടങ്ങൊക്കെ നടത്തിയാണ് വിട്ടത്. അതൊക്കെ എല്ലാവർക്കും കിട്ടുന്നതല്ല. കുഞ്ഞുണ്ടായാലും എല്ലാവരും പറഞ്ഞിട്ടുള്ളത്, സെറ്റിലേക്ക് കൊണ്ടു വന്നാൽ മതിയെന്നാണ്. അവർ നോക്കിക്കൊള്ളാമെന്ന്!