നയൻതാരയുമായുള്ള പ്രണയത്തിന്റെ തുടക്കം വെളിപ്പെടുത്തി സംവിധായകൻ വിഘ്‍നേശ് ശിവൻ

Advertisement

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നയൻതാരയും സംവിധായകൻ വിഘ‍്‍നേശ് ശിവന്റെ വിവാഹം വലിയ ആഘോഷപൂർവമായിട്ടായിരുന്നു നടന്നത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു നയൻതാരയുടെയും സംവിധായകൻ വിഘ്‍നേശ് ശിവന്റെയും വിവാഹം. ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിനു ശേഷം തങ്ങൾ പ്രണയത്തിലായ കാലഘട്ടത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ വിഘ്‍നേശ് ശിവൻ.

നയൻതാര ആയിരിക്കും തന്റെ പങ്കാളിയെന്നും താരത്തിൽ മതിപ്പുളവാക്കണമെന്നും എപ്പോഴാണ് തോന്നിയത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിഘ്‍നേശ് ശിവൻ. ഇതൊരു സ്വാഭാവികമായ പ്രക്രിയ ആയിരുന്നു. ഞാൻ അങ്ങനെയൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. കാരണം ഞാൻ സംവിധാനം ചെയ്യുകയായിരുന്നു. ഞാൻ എന്റെ ജോലി മികച്ച രീതിയിൽ ചെയ്യുകയായിരുന്നു. നയൻതാരയെ ഞാൻ സംവിധാനം ചെയ്യുകയായിരുന്നു. ഏതോ ഒരു ഘട്ടത്തിൽ പരസ്‍പരം തങ്ങൾ ഇഷ്‍ടപ്പെടാൻ തുടങ്ങി. ഞങ്ങൾ സംസാരിക്കാൻ തുടങ്ങി, അങ്ങനെയായിരുന്നു. ഞങ്ങൾ പ്രണയത്തിലായതിന് ശേഷവും മൂന്ന് ഷെഡ്യൂൾ പൂർത്തിയകാൻ ഉണ്ടായിരുന്നു. ആദ്യ ദിവസം എങ്ങനെ ആയിരുന്നോ അതുപോലെ ആയിരുന്നു പിന്നീടും. മാമെന്നാണ് ഞാൻ അവരെ വിളിച്ചത്. ആ ബഹുമാനം തുടർന്നും നൽകിയെന്നും സംവിധായകൻ വിഘ്‍നേശ് ശിവൻ പറയുന്നു.

നയൻതാരയും വിഘ്‍നേശ് ശിവനും കഴിഞ്ഞ വർഷം ജൂൺ ഒമ്പതിന് ആയിരുന്നു വിവാഹിതരായത്. മഹാബലിപുരത്തായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഷാരൂഖ് ഖാൻ, കമൽഹാസൻ, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. സംവിധായകൻ വിഘ്‍നേശ് ശിവനുമായുള്ള വിവാഹദൃശ്യങ്ങൾ അടക്കം ഉൾപ്പെടുത്തി നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റ്‍ഫ്ലിക്സ് സ്‍ട്രീം ചെയ്യുമെന്നും അറിയിച്ചിരുന്നു.

നയൻതാര നായികയായ ചിത്രമായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത് കണക്റ്റ് ആണ്. അശ്വിൻ ശരവണനായിരുന്നു ചിത്രത്തിന്റെ സംവിധാനം. കണക്റ്റ് കണ്ടവർക്ക് നന്ദി അറിയിച്ച് താരം കത്ത് എഴുതിയിരുന്നു. വിഘ്‍നേശ് ശിവൻ തന്നെയായിരുന്നു നയൻതാരയുടെ ചിത്രത്തിന്റെ നിർമാതാവും.

Advertisement