രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് നായകനാകുന്ന ചിത്രമാണ് ആദിപുരുഷ്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമ ജൂണ്‍ 16ന് തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ആദിപുരുഷുമായി ബന്ധപ്പെട്ട് രസകരമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിടുമെന്നും ഈ സീറ്റ് ഹനുമാന് സമര്‍പ്പിക്കുമെന്നുമാണ് പ്രസ്താവനയിലൂടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
‘രാമായണ പാരായണം ചെയ്യുന്ന എല്ലായിടങ്ങളിലും ഹനുമാന്‍ ഭഗവാനെത്തും. ഇത് നമ്മുടെ വിശ്വാസമാണ്. ഈ വിശ്വാസത്തിന്റെ ഭാഗമായി ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് വില്‍ക്കാതെ ഒഴിച്ചിടും. ഭഗവാന്‍ ഹനുമാന്റെ സന്നിധിയില്‍ മഹത്വത്തോടും പ്രതാപത്തോടും കൂടി നിര്‍മ്മിച്ച ആദിപുരുഷനെ നാമെല്ലാവരും കാണണം’- പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ത്രിമാന ചിത്രമായ ആദിപുരുഷില്‍ ശ്രീരാമനായാണ് പ്രഭാസ് വേഷമിടുന്നത്. ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ് രാവണന്‍, കൃതി സനോന്‍ ആണ് സീതയായി എത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരണം. തമിഴ്, മലയാളം മറ്റു വിദേശഭാഷകള്‍ എന്നിവയിലും ചിത്രമെത്തും.
