പ്രശസ്ത സംഗീത സംവിധായകന് എ.ആര്. റഹ്മാന്റെ മകള്‍ ഖദീജ റഹ്മാനും സംഗീത സംവിധാന രംഗത്തേക്ക്. പുതിയതായി റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം മിന്മിനിയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിക്കൊണ്ടാണ് ഖദീജയുടെ അരങ്ങേറ്റം. സംവിധായിക ഹലിത ഷമീമാണ് ട്വിറ്ററിലൂടെ വാര്‍ത്ത പങ്കുവച്ചത്. കമ്പോസിങ്ങിനിടെയുള്ള ഖദീജയുടെ ചിത്രം പങ്കുവച്ചായിരുന്നു ട്വീറ്റ്.
ഗായിക എന്ന നിലയില്‍ കഴിവ് തെളിയിച്ച ഖദീജ സംഗീതസംവിധായിക എന്ന നിലയിലേക്ക് വലിയ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്. ”മിന്മിനിക്ക് വേണ്ടി ഖദീജ റഹ്മാന് എന്ന ഈ അസാധാരണ പ്രതിഭയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഈ ഗായിക ഒരു മികച്ച സംഗീതസംവിധായിക കൂടിയാണ്. ചില മികച്ച പാട്ടുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്” എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.
ഈ വര്‍ഷം അവസാനത്തോടെ മിന്മിനി തീയേറ്ററുകളിലെത്തും. എസ്തര് അനില്‍, ഗൗരവ് കലൈ, പ്രവീണ്‍ കിഷോര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.