ഹരികൃഷ്ണന്‍സ് ഉപയോഗിച്ച ഈ കാര്‍ കേരളത്തില്‍ നിര്‍മ്മിച്ചതാണ്, പക്ഷേ പിന്നെ എന്തുണ്ടായി എന്നറിയാമോ

Advertisement

ഹരികൃഷ്ണൻസ് എന്ന സിനിമയിൽ ഹരിയും കൃഷ്ണനും ആയ താര രാജാക്കന്മാര്‍ മമ്മൂട്ടിയും മോഹന്‍ലാലും യാത്ര ചെയ്യുന്ന ഒരു കാര്‍ അന്ന് കാര്‍ പ്രേമികള്‍ വല്ലാതെ ശ്രദ്ധിച്ചതാണ്.ഇത് കേരളത്തില്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ലക്ഷറി എംപിവിയായ കസ് വയായിരുന്നു. ഇതിന്‍റെ നിർമ്മാതാക്കൾ തൃശ്ശൂർ ജില്ലയിലെ കാജാ ഗ്രൂപ്പായിരുന്നു.
1998 -ലാണ് കസ് വ നിർമ്മിയ്ക്കുന്നത്. കൊച്ചിയിൽ വെച്ച് വലിയൊരു ചടങ്ങിലാണ് വാഹനം ലോഞ്ച് ചെയ്തത്. കോണ്ടസയുടെ ഡീസൽ എഞ്ചിൻ ഉപയോഗിച്ചിരുന്ന കസ്വ അക്കാലത്ത് ഇന്ത്യയിൽ നിർമ്മിച്ചിരുന്ന കാറുകളേ അപേക്ഷിച്ച് മികച്ച നിലവാരത്തിലുള്ളതായിരുന്നു.കസ്വക്ക് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ആണ് 2.0 ടര്‍ബോ ചാര്‍ജ്ജ് ഡീസല്‍എന്‍ജിന്‍ നല്‍കിയത്. കോണ്ടസയുടെ നിര്‍മ്മാതാക്കളായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്.

ഹരികൃഷ്ണൻസിൽ കസ്വ പ്രത്യക്ഷപ്പെട്ടതോടെ അൻപതിലധികം ബുക്കിംഗ് കിട്ടിയത്രെ. പക്ഷേ വ്യവസായത്തിലെ ചില പ്രശ്നങ്ങൾ മൂലം ആകെ 6 -7 വാഹനങ്ങൾ മാത്രമേ അവർക്ക് നിർമ്മിക്കാൻ സാധിച്ചുള്ളൂ.പില്‍ക്കാലത്ത് ഇന്ത്യയില്‍ തരംഗമായ ടൊയോട്ടയുടെ ക്വാളിസിനും പിന്നീടുവന്ന ഇന്നോവക്കു പലതുകൊണ്ടും തുല്യമായിരുന്നു കസ്വ.
ഇന്നോവ ഇന്ത്യയിൽ ഇറങ്ങുന്നതിനു മുന്നേ ഏതാണ്ട് അതിനു തുല്ല്യ നിലവാരത്തിലുള്ള വാഹനം നിർമ്മിച്ചത് മലയാളികളാണെന്നത് അഭിമാനാർഹമായ കാര്യമാണ്. നല്ല തലയിലെഴുത്ത്(അതോ ടയറിലെഴുത്തോ) ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ കസ്വ ഇന്നോവക്ക് സമമായി ഇന്ത്യന്‍ നിരത്തില്‍ വിലസിയേനേ.

കസ് വ ഇപ്പോൾ റോഡിലില്ലെങ്കിലും നമ്മുടെ താര രാജാക്കന്മാർ മുഖ്യമോഡലുകളായി യാത്ര ചെയ്ത വാഹനമായി ടെലിവിഷൻ സ്ക്രീനിൽ എന്നെന്നും കസ്വയെ നമുക്ക് കാണാം.

Advertisement