മലയാള സിനിമയിലെ ആദ്യത്തെ മികച്ച നടന്‍, അനശ്വര നടന്‍ സത്യന്‍ വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 52 വര്‍ഷം തികയുന്നു. വര്‍ഷങ്ങള്‍ ഏറെ കടന്നുപോയിട്ടും മലയാളസിനിമാ രംഗത്ത് ഒരു പാഠപുസ്തകമായി സത്യന്‍ ഇന്നും ജീവിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ മികച്ച നടനുള്ള അവാര്‍ഡ് ആദ്യമായി നല്‍കിയത് സത്യനായിരുന്നു. രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹം തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും എന്നും മലയാളികളുടെ മനസില്‍ ജീവിക്കുന്നു.
മലയാളചലച്ചിത്രരംഗത്ത് അക്ഷരാര്‍ഥത്തില്‍ സത്യന്റെ സിംഹാസനമുണ്ട്.

1912 നവംബര്‍ 9-ന് തെക്ക് തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തില്‍ മാനുവലിന്റേയും ലില്ലി അമ്മയുടേയും മകനായാണ് സത്യന്‍ ജനിച്ചത്. അക്കാലത്തെ ഉയര്‍ന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാന്‍ പരീക്ഷ പാസായതിനു ശേഷം സ്‌കൂള്‍ അദ്ധ്യാപകനായി സെന്റ് ജോസഫ് സ്‌കൂളില്‍ ജോലി നോക്കി.
കുറച്ചു കാലം സെക്രട്ടറിയേറ്റില്‍ ജോലി ചെയ്തതിന് ശേഷം 1941 ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂര്‍ സേനയില്‍ അംഗമായി സേവനമനുഷ്ഠിച്ചിരുന്നു. പട്ടാളസേവനത്തിനുശേഷം തിരിച്ചുപോരുകയും തിരുവിതാംകൂറില്‍ പോലീസ് ആയി ചേരുകയും ചെയ്തു. 1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് സത്യന്‍ ആലപ്പുഴ പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. അവിടെ അദ്ദേഹം നാടാര്‍ ഇന്‍സ്‌പെക്ടര്‍ എന്ന് അറിയപ്പെട്ടു.
അദ്ദേഹം പോലീസിലായിരുന്നപ്പോഴാണ് സിനിമയിലേക്ക് വരുന്നത്. 1951ല്‍ അഭിനയിച്ച ത്യാഗസീമയടക്കമുള്ള ആദ്യകാല സിനിമകള്‍ പുറംലോകം കണ്ടില്ല. 1952ല്‍ പ്രദര്‍ശനത്തിന് എത്തിയ ആത്മസഖിയിലൂടെ സത്യന്‍ മലയാള സിനിമാ ലോകത്ത് വരവറിയിച്ചു. ചിത്രം വന്‍ വിജയമായി മാറുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് സ്‌നേഹസീമ, ആശാദീപം, ലോകനീതി, തിരമാല എന്നീ സിനിമകളിലൂടെ സത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി. ദേശീയതലത്തിലും അംഗീകാരം കിട്ടിയ നീലക്കുയിലിലെ അഭിനയത്തോടെ സത്യന്‍ മലയാള സിനിമയിലെ വിജയ നായകപട്ടം അണിഞ്ഞു.

മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി ഈ ചിത്രത്തെ കണക്കാക്കപ്പെടുന്നു. അതായിരുന്നു മലയാളത്തില്‍ തന്നെ രചിക്കപ്പെട്ട ആദ്യത്തെ മലയാളം സിനിമ. ആ സിനിമ രചിച്ചത് പ്രശസ്ത കഥകാരനായ ഉറൂബ് ആയിരുന്നു. സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ട്- പി. ഭാസ്‌കരന്‍ സഖ്യം ആയിരുന്നു. പി. ഭാസ്‌കരന്‍ രചിച്ച് കെ. രാഘവന്‍ സംഗീതം നല്‍കിയ ഈ സിനിമയിലെ ഗാനങ്ങള്‍ വളരെ പ്രശസ്തമായി. കേന്ദ്ര സര്‍ക്കാറിന്റെ രജത കമലം അവാര്‍ഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു നീലക്കുയില്‍. ഈ ചിത്രത്തിന്റെ വിജയം സത്യനേയും കൂടെ അഭിനയിച്ച നായിക മിസ്. കുമാരിയേയും പ്രശസ്തരാക്കി.
കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത് സത്യന്‍ അഭിനയിച്ച ഒരു പാട് ചിത്രങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അക്കാലത്ത് പ്രശസ്തമായി. ഓടയില്‍ നിന്ന് എന്ന ചിത്രത്തിലെ പപ്പു, ദാഹം എന്ന ചിത്രത്തിലെ ജയരാജന്‍, യക്ഷി എന്ന ചിത്രത്തിലെ പ്രൊ. ശ്രീനി എന്നിവ സത്യന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു നടനായിട്ടാണ് സത്യനെ കണക്കാക്കുന്നത്. ചെമ്മീന്‍ എന്ന സിനിമയിലെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ എന്നും എടുത്തുപറയാവുന്ന ഒന്നാണ്. മലയാളത്തില്‍ 150-ലേറെ ചിത്രങ്ങളില്‍ സത്യന്‍ അഭിനയിച്ചു. തമിഴില്‍ രണ്ടു ചിത്രങ്ങളിലും അഭിനയിച്ചു.

ചലച്ചിത്ര അവാര്‍ഡുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ചപ്പോള്‍ അത് കരസ്ഥമാക്കിയത് സത്യനായിരുന്നു. കടല്‍പ്പാലം എന്ന സിനിമയിലെ അഭിനയത്തിനാണ് സത്യന്‍ മികച്ച നടനായത്. അച്ഛനും മകനുമായി ഇരട്ടവേഷത്തിലായിരുന്നു കടല്‍പ്പാലത്തില്‍ സത്യന്‍ അഭിനയിച്ചത്. സത്യന് പകരം വയ്ക്കാന്‍ മറ്റൊരു നടന്‍ അത്തവണ ഇല്ലായിരുന്നു. മരണാനന്തരവും സത്യന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കരകാണാക്കടല്‍ എന്ന സിനിമയിലെ അഭിനയത്തിന് ആണ് സത്യന് അവാര്‍ഡ് ലഭിച്ചത്.

ചലച്ചിത്രമേഖലയില്‍ നിറഞ്ഞുനില്‍ക്കേ 1970 ഫെബ്രുവരിയില്‍ സത്യന് രക്താര്‍ബുദം സ്ഥിരീകരിച്ചു. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യന്‍ അഭിനയം തുടര്‍ന്നു. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലര്‍ക്കും മനസ്സിലായത്. തുടര്‍ന്ന് അദ്ദേഹം സ്വയം കാറോടിച്ചുപോയി ആശുപത്രിയില്‍ അഡ്മിറ്റായി. അദ്ദേഹത്തെ കാണാന്‍ വന്ന മക്കളോട് ‘എനിക്കൊന്നുമില്ല. ഞാനൊന്നുറങ്ങട്ടെ’ എന്ന് അദ്ദേഹം പറഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍. ഒടുവില്‍, 1971 ജൂണ്‍ 15-ന് പുലര്‍ച്ചെ നാലരയോടെ 59-ാം വയസില്‍ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.