കാന്താര രണ്ടാം ഭാഗം; ചിത്രത്തില്‍ രജനീകാന്ത്…? ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും

Advertisement

തിയേറ്ററുകളില്‍ ദൃശ്യ വിരുന്നൊരുക്കിയ ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ രണ്ടാം ഭാഗം ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തിരക്കഥ പൂര്‍ത്തിയായി, ഓഗസ്റ്റ് 27 ന് ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മഴ ആവശ്യമുള്ള കുറേയേറെ ഭാഗങ്ങളുള്ളതിനാല്‍ ചിത്രീകരണം ഓഗസ്റ്റില്‍ തന്നെ ആരംഭിക്കണമെന്ന് ഋഷഭ് ആവശ്യപ്പെട്ടെന്ന് നിര്‍മാതാവ് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദ്യഭാഗം പോലെ തന്നെ രണ്ടാംഭാഗവും ഋഷഭ് ഷെട്ടി തന്നെയാകും സംവിധാനം ചെയ്യുക. ആദ്യ ചിത്രത്തിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന കാന്താര 2, ആദ്യ ഭാഗത്തേക്കാള്‍ വലിയ ബജറ്റിലായിരിക്കും ഒരുക്കുക.
രജനീകാന്ത് ഉണ്ടാകുമോയെന്നതാണ് കാന്താര 2 വിന്റെ ഏറ്റവും വലിയ സസ്‌പെന്‍സ് ഫാക്ടര്‍. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പുഞ്ചിരി മാത്രമായിരുന്നു ഋഷഭിന്റെ പ്രതികരണം . ദാദാസാഹിബ് ഫാല്‍ക്കെ ചലച്ചിത്രമേളയില്‍ പുരസ്‌കാരം വാങ്ങാനെത്തിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട് ഋഷഭ് പ്രതികരിച്ചത്. കൂടുതലൊന്നും പ്രതികരിച്ചില്ലെങ്കിലും ചോദ്യം ഋഷഭ് നിഷേധിക്കാത്തതിനാല്‍ തന്നെ കാന്താര 2 വില്‍ രജനീകാന്ത് ഉണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍. നായകന്റെ അച്ഛന്റെ ജീവിത പശ്ചാത്തലവും കാന്താരയുടെ ചരിത്രവുമാകും രണ്ടാം ഭാഗത്തിന്റെ പ്രമേയം. അടുത്ത വര്‍ഷം ചിത്രം തീയേറ്ററുകളിലെത്തുമെന്ന് ഋഷഭ് തന്നെ നേരത്തെ പറഞ്ഞിരുന്നു.