‘ആദിപുരുഷ്’ തിയേറ്ററുകളില്‍ എത്തി; ഹനുമാന് വേണ്ടിയും സീറ്റ് ഒഴിച്ചിട്ടു

Advertisement

രാമായണം പ്രമേയമാകുന്ന ‘ആദിപുരുഷ്’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആവേശത്തോടെയാണ് ആരാധകര്‍ ചിത്രത്തെ വരവേറ്റത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തിയറ്ററുകളില്‍ ഹനുമാനു വേണ്ടി സീറ്റ് മാറ്റിവയ്ക്കുന്ന വിഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റില്‍ വിരിച്ചിരിക്കുന്നത് വിഡിയോയില്‍ കാണാം. ‘ഭഗവാന്‍ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും വിഡിയോ പങ്കുവയ്ക്കുന്നത്. സിനിമ കാണാന്‍ ഹനുമാനെത്തും എന്ന വിശ്വാസത്തിന്റെ പേരിലാണ് സീറ്റ് ഒഴിച്ചിടാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ഹനുമാന്‍ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.
വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. അതിന്റെ 85 ശതമാനത്തോളം, റിലീസിനു മുന്‍പു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
‘താനാജി’ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലന്‍ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തില്‍ ദേവദത്ത നാഗേയും അഭിനയിക്കുന്നു.

Advertisement