നിന്നെ ഓർത്ത് അഭിമാനം: മകളുടെ നേട്ടം പങ്കുവച്ച് നടി മാധവി

Advertisement

കുടുംബത്തിലെ പുതിയ വിശേഷം പങ്കുവച്ച് നടി മാധവി. വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞ മാധവി ബിസിനസ്സുകാരനായ റാൽഫ് ശർമ്മയ്ക്ക് ഒപ്പം അമേരിക്കയിലാണ് താമസം. പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിങ്ങനെ മൂന്നു മക്കളാണ് മാധവി-റാൽഫ് ദമ്പതികൾക്ക് ഉള്ളത്. ഇപ്പോഴിതാ, മകൾ പ്രിസിലയുടെ ജീവിതത്തിലെ വലിയൊരു നേട്ടം ആരാധകരുമായി പങ്കുവയ്ക്കുകയാണ് മാധവി.

ബിരുദപഠനം പൂർത്തിയാക്കിയ മകൾക്ക് ഉന്നത പഠനത്തിന് ഹാർവാർഡ്, ഓക്സ്ഫോർഡ് തുടങ്ങിയ വിദേശ സർവകലാശാലകളിൽ നിന്നും ക്ഷണം ലഭിച്ച സന്തോഷം പങ്കിടുകയാണ് താരം. മൂന്നു അവാർഡുകളും ജിപിഎ 4.0 പോയിന്റും സ്കോർ ചെയ്താണ് മകൾ ബിരുദ പഠനം പൂർത്തിയാക്കിയത്. ഞങ്ങളെല്ലാവരും നിന്നെയോർത്തു അഭിമാനിക്കുന്നു എന്നാണ് മകൾക്ക് ആശംസകൾ നേർന്ന് മാധവി കുറിച്ചത്.

കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിയായ മാധവി കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തൻ, നൊമ്പരത്തിപൂവ് എന്നിങ്ങനെ പത്തിലേറെ മലയാള ചിത്രങ്ങളിലും മാധവി അഭിനയിച്ചു.

Advertisement