തിരുവനന്തപുരം: ഇന്നു രാവിലെ മുതൽ നഗരങ്ങളിൽ പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്ന ലുക്ക്ഔട്ട് നോട്ടീസ് കണ്ട് അന്തംവിട്ടിരിക്കുകയാണ് മലയാളികൾ. വിവിധയിടങ്ങളില്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി നാൽപ്പത്തിയേഴു വയസ്സുകാരൻ ‘അശോക’നെ അന്വേഷിച്ചുള്ള ലുക്ക്ഔട്ട് നോട്ടീസാണ് പലയിടങ്ങളിലായി കാണപ്പെട്ടത്. മലയാളവും തമിഴും സംസാരിക്കുന്ന, നിലവിൽ ഒളിവിൽപ്പോയിരിക്കുന്ന ‘അശോകനെ’ക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുവാനാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ഒന്നൂടെ സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു സംശയം, നമ്മുടെ കുഞ്ചാക്കോ ബോബനല്ലേ ഇത്?
റൊമാന്റിക് ചോക്ലേറ്റ് ഹീറോ എന്ന പേരിലാണ് ചാക്കോച്ചൻ പൊതുവെ അറിയപ്പെടുന്നതെങ്കിലും, ആ പരിവേഷം മാറ്റിവെച്ച് സീരിയസ് വേഷങ്ങൾ അവതരിപ്പിച്ചപ്പോഴെല്ലാം ചാക്കോച്ചന്റെ സിനിമകളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണുള്ളത്. അദ്ദേഹത്തിന്റെ സമീപകാല ഹിറ്റുകളായ ‘ന്നാ താൻ കേസുകൊട്’, ‘നായാട്ട്’, ‘അള്ളു രാമേന്ദ്രൻ’ തുടങ്ങിയവ ചില ഉദാഹരണങ്ങൾ. അതുപോലെ മറ്റൊരു ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണോ ഈ ലുക്ക്ഔട്ട് നോട്ടീസ് എന്നാണ് പ്രേക്ഷകർ ഇപ്പോൾ സംശയിക്കുന്നത്. ഇതുവരെ ഏതാണ് ആ പുതിയ ചിത്രം എന്ന് വ്യക്തമല്ലെങ്കിലും അധികം വൈകാതെ രഹസ്യം പുറത്തുവിടുമെന്നാണ് പ്രേക്ഷകപ്രതീക്ഷ.
കുഞ്ചാക്കോ ബോബന്റേതായി ‘2018’ എന്ന ചിത്രമാണ് അവസാനമായി പ്രദര്‍ശനത്തിന് എത്തിയത്. ജയസൂര്യയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായ ‘എന്താടാ സജി’യിലും നിര്‍ണായക ഒരു പ്രധാന കഥാപാത്രമായിരുന്നു കുഞ്ചാക്കോ ബോബന്. കുഞ്ചോക്കോ ബോബൻ സോളോ നായകനായ ചിത്രം എന്ന നിലയില്‍ ‘പകലും പാതിരാവും’ ആണ് അവസാനമായി പ്രദര്‍ശനത്തിന് എത്തിയത്. രജിഷ വിജയനും കേന്ദ്ര കഥാപാത്രമായിരുന്നു.
അജയ് വാസുദേവ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ഉദ്വേഗജനകമായ ഒട്ടേറെ രംഗങ്ങള്‍ ഉള്ള ചിത്രമായിരുന്നു ‘പകലും പാതിരാവും’. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രാഹണം. നിഷാദ് കോയ രചന നിര്‍വഹിച്ചിരിക്കുന്നു.