ടി.എസ്. രാജുവിനെക്കുറിച്ചുള്ള വ്യാജ മരണ വാര്‍ത്ത പങ്കുവച്ചതില്‍ ക്ഷമ ചോദിച്ച് അജു വര്‍ഗീസ്

Advertisement

സിനിമാസീരിയല്‍ താരം ടി.എസ്. രാജുവിനെക്കുറിച്ചുള്ള വ്യാജ മരണ വാര്‍ത്ത പങ്കുവച്ചതില്‍ ക്ഷമ ചോദിച്ച് അജു വര്‍ഗീസ്. തീര്‍ത്തും തെറ്റായൊരു വാര്‍ത്ത പങ്കുവച്ചതില്‍ ടി.എസ്. രാജു സാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വ്യക്തിപരമായി മാപ്പ് പറയുന്നുവെന്ന് അജു സമൂഹമാധ്യമത്തില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളിലെ ഒരു വാര്‍ത്ത കണ്ട് വിശ്വസിച്ചതാണ് തനിക്കു പറ്റിയ അബദ്ധമെന്നും അജു പറഞ്ഞു. ഇന്നു രാവിലെ മുതലാണ് ടി.എസ്. രാജു അന്തരിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്. അജു വര്‍ഗീസ് ഉള്‍പ്പടെയുള്ള താരങ്ങള്‍ അനുശോചനക്കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.
ടി.എസ്. രാജുവിനെ നേരില്‍ വിളിച്ച് തനിക്ക് പറ്റിയ തെറ്റില്‍ അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു. ”എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍ വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. വേദനിച്ചപ്പോള്‍ പെട്ടന്ന് എഴുതി ഇട്ടതാണ്. അത് ഇങ്ങനെ ആയി തീരുമെന്ന് വിചാരിച്ചില്ല. സാറിന് ഒന്നും സംഭവിക്കാത്തതില്‍ ഏറെ സന്തോഷമുണ്ട്. വലിയ അബദ്ധമാണ് ഞാന്‍ കാണിച്ചത്. എന്നാല്‍ കൂടി ഒരുപാട് മാപ്പ്. സാറിനെക്കുറിച്ച് വിശദമായൊരു അനുശോചനക്കുറിപ്പ് ഫെയ്‌സ്ബുക്കില്‍ കണ്ടതുകൊണ്ടാണ് വിശ്വസിച്ചുപോയത്. ദ് ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന സാറിന്റെ ലൈന്‍ ജീവിതത്തില്‍ പിന്തുടരുന്ന ആളാണ്.
ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അത് കാണുന്നത്. ഇന്നെനിക്ക് 38 വയസ്സായി. ആ വാര്‍ത്ത കണ്ട് പെട്ടന്നു വന്ന വിഷമത്തില്‍ എഴുതിപ്പോയി. അങ്ങയുടെ കാലില്‍ തൊട്ട് ക്ഷമ ചോദിക്കുന്നു. ഇനിയും ഇത്തരം വാര്‍ത്തകള്‍ ആവര്‍ത്തിക്കും. സോഷ്യല്‍മീഡിയയെ നമ്മള്‍ ഒരുപാട് വിശ്വസിക്കുന്നു, അത് സ്വാധീനിക്കുന്നുമുണ്ട്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അതില്‍ നോക്കി, ഏതെങ്കിലും വാര്‍ത്ത കാണുമ്പോള്‍ പെട്ടന്നു തന്നെ നമ്മള്‍ വിശ്വസിച്ചുപോകുന്നു. ഇവിടെ എനിക്ക് സംഭവിച്ചത്, അദ്ദേഹത്തെക്കുറിച്ചുള്ള ആധികാരികമായ അനുശോചന വാര്‍ത്ത വായിച്ചു. അങ്ങനെ ഒരു അബദ്ധം കാണിച്ചു. വലിയൊരു തെറ്റാണ് ചെയ്തത്”.- അജു വര്‍ഗീസ് പറഞ്ഞു.
തനിക്ക് അങ്ങനെ ഒരു വ്യാജ വാര്‍ത്ത വന്നതില്‍ യാതൊരു വിഷമവുമില്ലെന്ന് ടി.എസ് രാജു പ്രതികരിച്ചു. ”എല്ലാവരും സത്യാവസ്ഥ അറിയാന്‍ എന്റെ വീട്ടിലെത്തി ബുദ്ധിമുട്ടിയതില്‍ മാത്രമേ വിഷമമുള്ളൂ. എനിക്ക് ഈ മേഖലയില്‍ ശത്രുക്കളില്ല. അജുവിന്റെ പോസ്റ്റ് ആണ് പലരും എനിക്ക് അയച്ചുതന്നത്. ഞാന്‍ അജുവിനെ നേരിട്ട് കണ്ടിട്ടില്ല. എനിക്ക് താങ്കളോട് യാതൊരു വിരോധവുമില്ല. അതെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട. വിളിച്ച് സംസാരിച്ചതില്‍ ഒരുപാട് സന്തോഷം.” ടി.എസ് രാജു പറഞ്ഞു.

Advertisement