മണിച്ചിത്രത്താഴിന്റെ റീമേക്ക് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം റിലീസ് പ്രഖ്യാപിച്ചു

Advertisement

മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്ക് ചന്ദ്രമുഖി തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. രജനീകാന്ത്-പി.വാസു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. 2005ല്‍ പുറത്തിറങ്ങിയ ‘ചന്ദ്രമുഖി’യുടെ സീക്വല്‍ ഹൊറര്‍-കോമഡി ചിത്രം ‘ചന്ദ്രമുഖി 2’ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് നടി കങ്കണ റണൗട്ട്.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ഗണേശ ചതുര്‍ത്ഥിക്ക് (2023 സെപ്തംബര്‍ 19) ചിത്രമെത്തുമെന്നാണ് താരം അറിയിച്ചത്. രാഘവ ലോറന്‍സ് മാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ‘ഈ സെപ്റ്റംബറില്‍ അവള്‍ തിരികെയെത്തുകയാണ്. നിങ്ങള്‍ തയാറാണോ?’ എന്നാണ് പോസ്റ്ററിനൊപ്പം കങ്കണ കുറിച്ചത്. വടിവേലു, രാധിക ശരത്കുമാര്‍, മലയാളി താരം ലക്ഷ്മി മേനോന്‍ എന്നിവരും ചിത്രത്തിലുണ്ട്.
ലൈക്ക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഓസ്‌കര്‍ ജേതാവ് എം.എം കീരവാണിയാണ് സംഗീതം. രതമിഴിന് പുറമെ ഹിന്ദിയിലും മണിചിത്രത്താഴ് റീമേക്ക് ചെയ്യപ്പെട്ടു. അക്ഷയ് കുമാര്‍, വിദ്യ ബാലന്‍, ഷൈനി അഹൂജ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ‘ഭൂല്‍ ഭുലയ്യ’യായിരുന്നു ഹിന്ദി പതിപ്പ്.

Advertisement