ഗായിക സിതാര കൃഷ്‍ണകുമാറിന്റെ അപൂര്‍വ ഫോട്ടോകള്‍, ഹൃദയംതൊടും കുറിപ്പുമായും ഭര്‍ത്താവ് സജീഷ്

Advertisement

മികച്ച ഗായികയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഗായികയാണ് സിതാര കൃഷ്‍ണകുമാര്‍. പാടിയ പാട്ടുകളിലേറെയും വൻ ഹിറ്റായി. സിതാര കൃഷ്‍ണകുമാറിന്റെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു.

ഹൃദയംതൊടും കുറിപ്പുമായി സിത്താരയ്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ഭര്‍ത്താവ് ഡോ. എം സജീഷ്. ജീവിതപ്പാതയില്‍ ഈയുള്ളവനുണ്ടാവും പതിവായി എന്നാണ് ആശംസയില്‍ സജീഷ് വ്യക്തമാക്കുന്നത്. സ്വയം ശരിയെന്ന് തോന്നുന്നതെല്ലാം ചെയ്‍തുകൊണ്ടേയിരിക്കുക. സാന്ദ്രസംഗീതത്തിന്റെ സാഗരസാധ്യതകൾ തേടി ഒഴുകുകയെന്നും ആശംസിക്കുന്നു സജീഷ്.

സജീഷിന്റെ കുറിപ്പ്

ജന്മദിനം സ്‍മരണകളുടെ ദിവസം കൂടിയാണ്. ജരിതകാലത്തിലെ ജൈവിക നിമിഷങ്ങൾ സ്മൃതികളിലൂടെ പുനർജനിക്കുന്നൊരു പുതുദിനം. ദിനരാത്രങ്ങൾ കാട്ടുകുതിരകളെപ്പോലെ ജീവിതഗതിവിഗതികളില്‍ അതിവേഗം കുതിയ്‌ക്കുമ്പോൾ, നിന്ന് കിതയ്ക്കാൻ, കടന്നുവന്ന വഴികളിലേക്ക് വെറുതെ ഒന്ന് തിരിഞ്ഞുനോക്കാൻ ഓർമ്മകളുടെ ഒരത്താണി. എത്തിയേടത്തോളം എളുപ്പവഴികൾ ഉണ്ടായിരുന്നില്ലല്ലോ, ഒരിക്കലും ഒന്നിനും ഒരിടത്തും. വിയർപ്പിന്റെ വിലയറിഞ്ഞുകൊണ്ടുള്ള വരവ്. ലാഭനഷ്‍ടങ്ങളിൽ കണക്കെടുക്കാത്ത കഠിനാധ്വാനം. പ്രതിസന്ധികളിലൊന്നും പതറാത്ത, പാരിതോഷികങ്ങളിലും പുരസ്കാരങ്ങളിലും അധികമൊന്നും അഭിരമിക്കാത്ത പോരാട്ടത്തിന്റെ നാൾ ജീവിതം. അതിനാലാവണം ഓരോ പിറന്നാളിനും പെരുമയും പൊരുളുമേറുന്നത്. സഹജീവികളോടുള്ള സഹാനുഭൂതിയും, സാമൂഹിക സാഹചര്യങ്ങളോടും സമാനഹൃദയരോടും സംവദിച്ചുകൊണ്ടുള്ള സഹവർത്തിത്വത്തിലൂടെ സ്വരൂപിച്ചെടുത്ത നിലപാടുകളും, കാലികമായി കാച്ചി മിനുക്കിയെടുക്കുന്ന കലയും കൈമുതലായ ഒരാൾ.

അറിവുകൾക്കായുള്ള അലച്ചിലിൽ അവനവനോടു തന്നെ സദാ കലഹിച്ചു കൊണ്ടിരിക്കുന്ന ഒരർട്ടിസ്റ്റിന് അതൃപ്‍തിയുടെ അസ്വസ്സ്ഥാവസ്ഥകൾ അനുവദനീയമത്രെ. അതിലും ആനന്ദം കണ്ടെത്തുക. ഒന്നിലും ഒതുങ്ങി നിൽക്കാതിരിക്കുക. സൗമ്യസൗഹൃദങ്ങളുടെ സാന്ത്വനസന്തോഷങ്ങളിൽ മുഴുകുക, സാന്ദ്രസംഗീതത്തിന്റെ സാഗരസാധ്യതകൾ തേടി ഒഴുകുക. സ്വയം ശരിയെന്ന് തോന്നുന്നതെല്ലാം ചെയ്‍തുകൊണ്ടേയിരിക്കുക. പരസ്‍പരം പകുത്തുനൽകാൻ ഇഷ്‍ടം പോലെ ഇടമുണ്ടാകട്ടെ, ഇടയുണ്ടാവട്ടെ. ജീവിതപ്പാതയില്‍ ഈയുള്ളവനുണ്ടാവും പതിവായി, പതിയായി, പാതിയായി ജീവനുള്ളിടത്തോളം.
ജീവന്റെ ജീവന്.

Advertisement