‘ഭക്ഷണത്തിനായി ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ചിട്ടുണ്ട്’; അനുഭവം പറഞ്ഞ് വിദ്യാ ബാലൻ

Advertisement

മലയാളി ആണെങ്കിലും ബോളിവുഡിന്റെ പ്രിയതാരമായി മാറിയ നടിയാണ് വിദ്യാ ബാലൻ. അതുകൊണ്ട് തന്നെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് വിദ്യ. നടിയുടെ സിനിമകൾക്ക് കേരളത്തിലും കാഴ്ച്ചക്കാർ ഏറെയാണ്. മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾക്കൊപ്പം വിദ്യ അഭിനയിച്ചിട്ടുമുണ്ട്. ‘നീയത്’ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. ഈ അവസരത്തിൽ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ച അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യാ ബാലൻ.

ഒരു പന്തയത്തിന്റെ ഭാ​ഗമായാണ് ഹോട്ടലിൽ പോയി ഭിക്ഷ യാചിച്ചതെന്ന് വിദ്യാ ബാലൻ പറയുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ജിം ജാം ബിസ്കറ്റിന് വേണ്ടിയുള്ള ബെറ്റിന്റെ ഭാ​ഗമായതെന്നും വിദ്യ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.

ഇന്ത്യൻ മ്യൂസിക് ഗ്രൂപ് എന്ന് പേരുള്ള ഒരു സംഗീത ഗ്രൂപ് ഉണ്ടായിരുന്നു. അതിന്റെ പരിപാടികളുടെ ഭാഗമായിരുന്നപ്പോഴാണ് വിദ്യയ്ക്ക് മുന്നിൽ ഈ ബെറ്റ് വരുന്നത്. ”ഒബ്‌റോയ്-ദ പാംസിലെ കോഫി ഷോപ്പിൽ പോയി ഭക്ഷണം യാചിച്ച് വാതിലിൽ മുട്ടാനാണ് അവർ എന്നോട് പറഞ്ഞത്. ഞാൻ തുടർച്ചയായി മുട്ടി, ഞാനൊരു നടിയാണെന്നു അവർക്കറിയില്ലാരുന്നു. എനിക്ക് വിശക്കുന്നു, ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല, ഭക്ഷണം തരണമെന്ന് യാചിച്ച് ഞാൻ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു. എന്നാൽ അവർ എനിക്ക് നേരെ മുഖം തിരിക്കുകയായിരുന്നു ചെയ്തത്. ഞാൻ ചെയ്യുന്നത് കണ്ട് അവസാനം കൂട്ടുകാർ വന്ന് എന്നെ തിരിച്ചുകൂട്ടികൊണ്ടുപോയി. അതോടെ ഞാൻ ആ പന്തയത്തിൽ വിജയിച്ചു.”, എന്നാണ് വിദ്യാ ബാലൻ പറഞ്ഞത്.

ഒരു മർഡർ മിസ്റ്ററി ചിത്രമാണ് ‘നീയത്’. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ശകുന്തളാ ദേവി’ സംവിധായിക അനു മേനോൻ ആണ് സിനിമ ഒരുക്കുന്നത്. അദ്വൈത കല, ഗിർവാണി ധയാനി എന്നിവർക്കൊപ്പം അനുവിന്റേതുമാണ് ‘നീയതി’ന്റെ കഥ. ഒരു ഡിറ്റക്ടീവായിട്ടാണ് ചിത്രത്തിൽ വിദ്യാ ബാലൻ വേഷമിടുന്നത്. രാം കപൂർ, രാഹുൽ ബോസേ, മിത വസിഷ്‍ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, ശശാങ്ക് അറോറ, പ്രജക്ത കോലി, ഡാനേഷ് റസ്വി എന്നിവരും ‘നീയതി’ൽ വേഷമിടുന്നു. വിദ്യാ ബാലന്റേതായി ‘ജൽസ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്‍തത്. സുരേഷ് ത്രിവേണി ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.